
അമിത് ഷാ
file image
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത് ഷാ തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് അമിത് ഷാ കേരളത്തിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിൽ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ശനിയാഴ്ച ഓഫിസ് മന്ദിരത്തിന്‍റെ ഉദ്ഘാടനം അമിത് ഷാ നിർവഹിക്കും. ഓഫിസിന്‍റെ നടുത്തളത്തിൽ സ്ഥാപിച്ച് മുൻ അധ്യക്ഷൻ കെ.ജി. മാരാരുടെ വെങ്കല പ്രതിമയുടെ അനാവരണവും പതാക ഉയർത്തലും നിർവഹിക്കുമെന്നും മന്ദിരത്തിന്‍റെ വളപ്പിൽ ചെമ്പകത്തൈ നടുമെന്നും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.
പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വാർഡുതല നേതൃസംഗമവും ഉദ്ഘാടനം ചെയ്യും. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ നിന്നായി 25000 പേരാണ് യോഗത്തിൽ പങ്കെടുക്കുക.