'അമ്മ ഹേമ കമ്മിറ്റിക്കൊപ്പം'; സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ലെന്നും സിദ്ദിഖ്

തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം.
amma press conference on hema committee report
'അമ്മ ഹേമ കമ്മിറ്റിക്കൊപ്പം'; സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ലെന്നും സിദ്ദിഖ്
Updated on

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പ്രതികരണവുമായി മലയാള താരസംഘടനയായ അമ്മ. റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ നിന്നും മറുപടി പറയുന്നതിൽ നിന്നും അമ്മ ഒളിച്ചോടിയിട്ടില്ലെന്നും സംഘടന ജനറല്‍ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാര്‍ശയും സ്വാഗതം ചെയ്യുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് അമ്മ ചെയ്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്കെതിരായ റിപ്പോർട്ടല്ല. അമ്മയെ ഹേമ കമ്മിറ്റി പ്രതിക്കൂട്ടിൽ നിർത്തിയിട്ടുമില്ല. ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണ് മാധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ വിഷമം ഉണ്ട്. ഒന്നോ രണ്ടോ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തുന്നതും ശരിയല്ല.

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ രണ്ട് വര്‍ഷം മുമ്പ് ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് മാറ്റം വരുത്തേണ്ടതായ നിര്‍ദേശങ്ങള്‍ ചോദിക്കുകയും പറയുകയുമാണ് ഉണ്ടായത്.

റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. കുറ്റവാളികള്‍ അല്ലാത്തവരെക്കൂടി പുകമറ സൃഷ്ടിച്ച് കുറ്റവാളികള്‍ ആക്കരുത്. ഹർജിക്ക് പോകേണ്ടതില്ല. സിനിമയില്‍ പവർ ഗ്രൂപ്പ് ഉണ്ടോ എന്ന് അറിയില്ല. തന്‍റെ ജീവിതത്തിൽ അത്തരമൊരു പവർ ഗ്രൂപ്പിനെ പറ്റി അറിയില്ല. 2 കൊല്ലം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേർത്ത് ഒരു ഹൈ പവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവർ ഗ്രൂപ്പും മാഫിയവും സിനിമ മേഖലയില്‍ ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു.

ഭൂരിഭാഗം സെറ്റിലും ഇപ്പോൾ പ്രാഥമികാവശ്യങ്ങൾക്കായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com