
കൊച്ചി: പാതിവിലയ്ക്ക് ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും നൽകാമെന്ന് പറഞ്ഞ് അനന്തു കൃഷ്ണൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ. സായി ഗ്രാം ചെയർമാൻ ആനന്ദകുമാറാണ് സിഎസ്ആർ പദ്ധതി തനിക്ക് പരിചയപ്പെടുത്തിയതെന്നും, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും വി. ശിവൻകുട്ടിയും പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങൾ തന്നെ കാണിച്ചിരുന്നതായും എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.
ജനസേവനത്തിന്‍റെ ഭാഗമായിട്ടാണ് താൻ ഈ പദ്ധതിയുടെ ഭാഗമായതെന്നും, ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും എ.എൻ. രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. ഞങ്ങളും തട്ടിപ്പിന്‍റെ ഇരകളാണ്. അനന്തുവിനെ കാണാൻ പലതവണ ഫ്‌ളാറ്റിൽ പോയിട്ടുണ്ട്. അതെല്ലാം ഈ പദ്ധതി സംസാരിക്കാൻ വേണ്ടിയായിരുന്നു.
മൂവാറ്റുപുഴയിൽ അനന്തുവിനെതിരേ കേസെടുത്തതിന് ശേഷവും നാഷണൽ എൻജിഒ കോൺഫെഡറേഷൻ പരിപാടി നടത്തി. ഒക്‌ടോബർ 30ന് നടന്ന പരിപാടിയിൽ ഐജി സേതുരാമനായിരുന്നു ഉദ്ഘാടകൻ. ആ പരിപാടിയിൽ അനന്തു പങ്കെടുത്തിരുന്നു.
ഇതുവരെ 5620 വണ്ടികൾ സൈൻ നൽകിയിട്ടുണ്ട്. ഇനി 5 ശതമാനം പേർക്കേ വണ്ടി നൽകാനുള്ളൂ. പണം തിരിച്ച് നൽകാൻ തുടങ്ങിയിട്ട് കുറേ ദിവസങ്ങളായി. വണ്ടി വേണ്ടവർക്ക് വണ്ടിയോ പണം വേണ്ടവർക്ക് പണമോ നൽകുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.