
ആർഎസ്എസ് നേതാവിനെതിരേ അനന്തുവിന്‍റെ മരണമൊഴി; വിഡിയോ പുറത്ത്
കോട്ടയം: ആർഎസ്എസിനെ പ്രതിക്കൂട്ടിലാക്കി ജീവനൊടുക്കിയ സോഫ്റ്റ് വെയർ എൻജിനീയർ അനന്തു അജിയുടെ മരണമൊഴി വിഡിയോ പുറത്ത്. ഷെഡ്യൂൾ ചെയ്തിരുന്ന വിഡിയോയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വന്നത്. കോട്ടയം പൊൻകുന്നം ചാമക്കാലയിൽ അനന്തു അജിയാണ്(24) ഇൻസ്റ്റഗ്രാമിൽ ആത്മഹത്യാകുറിപ്പും വിഡിയോയും ഷെഡ്യൂൾ ചെയ്ത ശേഷം ജീവനൊടുക്കിയത്.
തിരുവനന്തപുരത്തെ ലോഡ്ജിൽ നിന്ന് അനന്തുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷെഡ്യൂൾ ചെയ്തിരുന്ന പോസ്റ്റും പിന്നീട് വിഡിയോയും പബ്ലിഷ് ആയിരിക്കുന്നത്. താനിത് ഷെഡ്യൂൾ ചെയ്തിരിക്കുന്ന പോസ്റ്റാണെന്നും താൻ മരിച്ചതിനു ശേഷമായിരിക്കും നിങ്ങൾ ഇതു വായിക്കുകയെന്നും കുറിപ്പിലുണ്ട്.
കടുത്ത വിഷാദവും ഉത്കണ്ഠയുമാണ് ജീവനൊടുക്കാൻ കാരണമെന്നും അതിനു കാരണം ചെറുപ്പത്തിലുണ്ടായ ലൈംഗികാതിക്രമമാണെന്നും അനന്തു വിഡിയോയിൽ പറയുന്നുണ്ട്. എൻഎം എന്നയാളാണ് തന്നെ പീഡിപ്പിച്ചതെന്നും നിരവധി കുട്ടികൾ ഇത്തരം പീഡനത്തിന് ഇരയാണെന്നും കുറിപ്പിലുണ്ടായിരുന്നു. തന്‍റെ കൈയിൽ തെളിവുകളില്ലെന്നും മൂന്നു വയസു മുതൽ പീഡനത്തിനിരയായെന്ന് തിരിച്ചറിയാൻ വൈകിയെന്നും അനന്തു പറയുന്നു. നിതീഷ് മുരളീധരൻ എന്നയാളാണ് തന്നെ പീഡിപ്പിച്ചതെന്നും വിഡിയോയിലുണ്ട്. ആർഎസ്എസ് ക്യാംപിൽ നിന്ന് ലൈംഗികവും ശാരീരികവുമായ പീഡനം ഉണ്ടായെന്നാണ് വിഡിയോയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. അമ്മയോടും സഹോദരിയോടും ക്ഷമ ചോദിച്ചു കൊണ്ടുള്ള വിഡിയോയിൽ അനന്തു പൊട്ടിക്കരഞ്ഞുകൊണ്ടാണ് സംസാരിക്കുന്നത്.