അങ്കമാലി - എരുമേലി ശബരി റെയിൽ പാതയ്ക്ക് വീണ്ടും ജീവൻ വയ്ക്കുന്നു
കൊച്ചി: ദശകങ്ങളായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന അങ്കമാലി - എരുമേലി ശബരി റെയിൽ പാതയ്ക്ക് ഒടുവിൽ ജീവൻ വയ്ക്കുന്നു. നിർദിഷ്ട പാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ ഉന്നതതല നിർദേശം നൽകി.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി 204 ഹെക്റ്റർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതിനായി പ്രത്യേക ഓഫിസുകൾ തുറക്കാൻ തീരുമാനമായി. പദ്ധതിയുടെ നിർമാണ ചെലവിന്‍റെ പകുതി സംസ്ഥാന സർക്കാർ വഹിക്കുമെന്ന ഉറപ്പിന്മേലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം നടപടികളുമായി മുന്നോട്ട് പോകുന്നത്. സംസ്ഥാന സർക്കാർ ഇതിനായി കിഫ്ബി (KIIFB) വഴിയാകും പണം കണ്ടെത്തുക.
111 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിങ്ങനെ 14 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ശബരിമല തീർഥാടകർക്ക് പുറമെ, മലയോര മേഖലയിലെ കാർഷിക-വ്യാവസായിക ഉത്പന്നങ്ങളുടെ നീക്കത്തിനും വിനോദസഞ്ചാരത്തിനും ഈ പാത വലിയ കുതിപ്പേകും. കൊച്ചി വിമാനത്താവളവുമായി കാലടി സ്റ്റേഷനുള്ള ദൂരക്കുറവ് പദ്ധതിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.
ശബരി പാതയെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനായി തിരുവനന്തപുരം (ബാലരാമപുരം) വരെ നീട്ടുന്നതിനുള്ള ആലോചനകളും സർക്കാർ തലത്തിൽ സജീവമാണ്. ഇത് യാഥാർഥ്യമായാൽ സംസ്ഥാനത്തെ മൂന്നാമത്തെ സമാന്തര റെയിൽവേ ലൈനായി ശബരി പാത മാറും.
