
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിൽ പുരോഗതി. ലോറിയുടെ ടയർ കണ്ടെത്തിയതായി ഈശ്വർ മാൽപെ. ഈശ്വർ മാൽപെ പുഴയിലിറങ്ങി നടത്തിയ തെരച്ചിലിലാണ് ലോറിയുടെ ടയർ കണ്ടെത്തിയത്. അർജുന്‍റെ ലോറിയുടെ ടയർ തന്നെയാണോ എന്ന് വ‍്യക്തമല്ല. മുമ്പ് മാൽപെ നടത്തിയ തെരച്ചിലിൽ തടിക്കഷ്ണം കണ്ടെത്തിയിരുന്നു.
ഗംഗാവലി പുഴയൽ നിന്നും 15 അടി താഴ്ച്ചയിൽ ലോറി തലകീഴായി നിൽക്കുന്നത് കണ്ടെന്നാണ് മാൽപെ വെളിപ്പെടുത്തിയത്. മണ്ണിടിച്ചിലിൽ ഒലിച്ചുപോയ ചായക്കടയുടെ സമീപത്താണ് ലോറി കണ്ടെത്തിയിരിക്കുന്നത്.
ക‍്യാമറയുമായി വീണ്ടും പുഴയിലേക്കിറങ്ങിയിരിക്കുകയാണ് മാൽപെ. തലക്കീഴായി കിടക്കുന്ന ലോറിയുടെ ബാക്കി ഭാഗം മണ്ണിനടിയിലുണ്ടാകുമെന്നാണ് കരുതുന്നതെന്ന് മാൽപെ വ‍്യക്തമാക്കി. അതേസമയം ഇത് ഏത് ലോറിയുടെതാണെന്ന് പറയാറായിട്ടില്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.