

കെഎസ്ആർടിസിക്ക് വീണ്ടും അങ്കമാലി വക ബസ്; 40 ലക്ഷം രൂപ കൈമാറി
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിന്എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവ്യ ബേക്ക്സ് ആൻഡ് കൺഫെക്ഷനറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 40 ലക്ഷം രൂപ കൈമാറി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കമ്പനി മാനെജിങ് ഡയറക്റ്റർ ബിജു ജോസഫ് ചക്കിയത്തിൽ നിന്ന് ചെക്ക് സ്വീകരിച്ചു.
ഗതാഗത മന്ത്രി സി.പി. ജോൺ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ തുടങ്ങിയവർ സംബന്ധിച്ചു.
ഇതിനു മുൻപ് അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസും ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയിരുന്നു. സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി പൊതു ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ കെഎസ്ആർടിസി അവസരം നൽകിയിരുന്നു. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നേരത്തേ കെഎസ്ആർടിസിക്ക് ഒരു ബസ് വാങ്ങാൻ പണം നൽകിയിരുന്നു.