തൃശൂര്‍: തിരുവനന്തപുരം കഴക്കൂട്ടത്തുനിന്നും കാണാതായ 13 കാരിക്കുവേണ്ടിയുള്ള തെരച്ചിലിനിടയിൽ തമിഴ്നാട്ടില്‍ നിന്നും കാണാതായ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപ്പൂരില്‍നിന്നും കാണാതായ പതിനാലുകാരിയായ പെണ്‍കുട്ടിയെയാണ് പരിശോധനക്കിടെ തൂശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്.
സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ടാറ്റാനഗര്‍ എക്‌സ്പ്രസിലെ ടോയ്‌ലറ്റില്‍നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഈ കുട്ടി തിരുപ്പൂരില്‍നിന്നും കാണാതായ കുട്ടിയാണെന്ന് മനസിലായത്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി. കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് ബുധനാഴ്ച തൃശൂരിലെത്തിയ ഇവര്‍ക്കൊപ്പം കുട്ടിയെ പറഞ്ഞയച്ചു.
അതേസമയം കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരിയെ കണ്ടെത്തി. വിശാഖപട്ടണത്തു നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. നീണ്ട 37 മണിക്കൂര്‍ നേരത്ത തിരച്ചിലിനൊടുവിൽ ബുധനാഴ്ച രാത്രിയോടെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്. അസമിൽ നിന്നുള്ള തൊഴിലാളിയുടെ കുടുംബം കേരളത്തിലെത്തിയിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. അസമീസ് ഭാഷ മാത്രമാണ് കുട്ടിക്ക് അറിയാവുന്നത്. ഇളയ സഹോദരങ്ങളോട് വഴക്ക് കൂടിയതിന് അമ്മ വഴക്കു പറഞ്ഞതിനാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്നാണു പറയുന്നത്. കുട്ടി നിലവിൽ ആര്‍പിഎഫിന്‍റെ സംരക്ഷണയിലാണുള്ളത്.