

"കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സാർ"; രമേശ് ചെന്നിത്തലയോട് അൻസിബ
ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ പൊലീസ് വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് ഫയൽ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനെതിരേ നടി രംഗത്ത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ എന്നാണ് അൻസിബയുടെ പ്രതികരണം. രമേശ് ചെന്നിത്തലയെ ടാഗ് ചെയ്തുകൊണ്ടാണ് അൻസിബ ഫെയ്സ് ബുക്ക് കുറിപ്പിട്ടത്.
അൻസിബയുടെ കുറുപ്പ് ഇങ്ങനെ...
"പൊലീസ് എഫ് ഐ ആർ എടുത്തിട്ടില്ല സാർ.. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ.
FIR ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സാർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സാർ..''
കേസെടുക്കാനാവില്ലെന്ന് കാണിച്ച് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ നൽകിയ മറുപടിയും അൻസിബ പുറത്തുവിട്ടു. പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയെന്നും പാരാതിക്കാധാരമായ വീഡിയോ പരിശോധിച്ചതിൽ അപകീർത്തിപ്രചാരണത്തിനുള്ള വകുപ്പ് പ്രകാരമുള്ള കുറ്റമേ നിലനിൽക്കൂ. മറ്റ് വകുപ്പുകൾ നിലനിൽക്കില്ല. അതിനാൽ പരാതിക്കാരിക്ക് കോടതി സമീപിക്കാവുന്നതാണ് എന്നുമാണ് എസ്എച്ച്ഒ നൽകിയ മറുപടിയിലുള്ളതെന്ന് അൻസിബ വ്യക്തമാക്കുന്നു.