

വി.ഡി. സതീശൻ, ആന്‍റോ അഗസ്റ്റിൻ
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാമതും വിവാഹം കഴിച്ചെന്ന വ്യാജ ആരോപണത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്‍റോ അഗസ്റ്റിനെ പൊലീസ് ചോദ്യം ചെയ്തു. കളമശേരി പൊലീസാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ മൂന്നര മണിക്കൂർ നീണ്ടു.
വ്യാജ രേഖ എവിടെ നിന്നാണ് ലഭിച്ചത്‍? ആരാണ് രേഖകൾ നൽകിയത് എന്നീ കാര്യങ്ങളിലാണ് പൊലീസ് വ്യക്തത തേടിയത്. രാവിലെ 11 മണിയോടെയാണ് ആന്‍റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായത്. പറയാനുള്ളതെല്ലാം പൊലീസിനോട് പറഞ്ഞതായി പുറത്തിറങ്ങിയ ശേഷം ആന്‍റോ പ്രതികരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച പത്തു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും ആന്‍റോ ഹാജരായില്ല. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ പൊലീസ് വീണ്ടും നോട്ടീസ് അയച്ചതോടെ പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
സെപ്റ്റംബർ 10 ന് പത്തനംതിട്ടയിൽ നടന്ന പൊതുപരിപാടിയിൽ ആന്‍റോ അഗസ്റ്റിൻ നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ‘കോടികൾ വിലമതിക്കുന്ന വാർത്ത’ എന്ന് അവകാശപ്പെട്ട് രണ്ടുപേർ സതീശന്‍റെ പേരിലുള്ള വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്‍റെയും നോട്ടിസിന്‍റെയും പകർപ്പുകളുമായി തന്നെ സമീപിച്ചു എന്നാണ് ആന്‍റോ പറഞ്ഞത്. എന്നാൽ ആ വാർത്ത കൊടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും ആന്‍റോ പറഞ്ഞു. തുടർന്ന് കെപിസിസി വക്താവ് രാജു പി.നായരാണ് പരാതി നൽകിയത്. സതീശനെ അപകീർത്തിപ്പെടുത്താനും സർക്കാരിനെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ട് വ്യാജരേഖകൾ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വ്യാജരേഖ ചമയ്ക്കൽ, പൊതുരേഖകളിൽ തിരിമറി നടത്തൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ അറിഞ്ഞുകൊണ്ട് ഉപയോഗിക്കൽ തുടങ്ങിയ ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് കേസ്. ആന്‍റോ അഗസ്റ്റിനാണ് ഒന്നാം പ്രതി