antony raju evidence tampering case updates

ആന്‍റണി രാജു

തൊണ്ടിമുതൽ തിരിമറി കേസ്; ആന്‍റണി രാജുവിന്‍റെ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

മൂന്നു വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ടാണ് ആന്‍റണി രാജു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്
Published on

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് മുൻ മന്ത്രി ആന്‍റണി രാജു നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു.

മൂന്നു വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ടാണ് ആന്‍റണി രാജു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഫെബ്രുവരി രണ്ടിന് വാദം കേൾക്കും. കേസിൽ രണ്ടു വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ചതിനാൽ ആന്‍റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു.

1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ‌ ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽ‌ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആന്‍റണി രാജുവിനെതിരേയുള്ള കേസ്. അഭിഭാഷകനായ ആന്‍റണി രാജു കേസിലെ തൊണ്ടി മുതലായ അടിവസ്ത്രം മാറ്റി നൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു.

ഐപിസി 120 ബി, 201, 409, 34 എന്നി വകുപ്പുകൾ കോടതിയിൽ തെളിഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഒന്നാം പ്രതി കോടതി ജീവനക്കാരനായ ജോസാണ്. ആന്‍റണി രാജു ജോസുമായി ഗൂഢാലോചന നടത്തി തൊണ്ടിമുതൽ പുറത്തെടുത്ത് അതിൽ കൃത്രിമത്വം വരുത്തി.

സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്‍റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

logo
Metro Vaartha
www.metrovaartha.com