

ആന്‍റണി രാജു
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ ആന്‍റണി രാജുവിന് 3 വർഷം തടവ് ശിക്ഷ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കേസ് സി.ജെ.എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി.
തൊണ്ടി മുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവസരം ഒരുക്കിയെന്ന കേസിലാണ് ശിക്ഷ.
കേസിൽ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായ ജോസിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വിധി പറഞ്ഞത്. അഭിഭാഷകനായ ആന്‍റണി രാജു കേസിലെ തൊണ്ടി മുതലായ അടിവസ്ത്രം മാറ്റി നൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടുവെന്നാണ് കേസ്. ഐപിസി 120 ബി, 201, 409, 34 എന്നി വകുപ്പുകളാണ് തെളിഞ്ഞത്. കേസിലെ രണ്ടാംപ്രതിയാണ് ആന്‍റണി രാജു. ഒന്നാം പ്രതി കോടതി ജീവനക്കാരനായ ജോസാണ്. ആന്‍റണി രാജു ജോസുമായി ഗൂഢാലോചന നടത്തി തൊണ്ടിമുതൽ പുറത്തെടുത്ത് അതിൽ കൃത്രിമത്വം വരുത്തി.
സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്‍റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.