

file image
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധിയിൽ പ്രതികരണവുമായി ആന്‍റണി രാജു. 19 വർഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടല്ലോ എന്നായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം.
ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണ്. നിയമം നിയമത്തിന്‍റെ വഴിക്ക് പോവട്ടെ എന്നും താൻ നിരപരാധിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിൽ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. 2005 ൽ പെട്ടെന്ന് തനിക്കെതിരേ കേസെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വിധി പറഞ്ഞത്. അഭിഭാഷകനായ ആന്‍റണി രാജു കേസിലെ തൊണ്ടി മുതലായ അടിവസ്ത്രം മാറ്റി നൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടുവെന്നാണ് കേസ്.