
ന്യൂഡൽഹി: ഡൽഹിയിലെ ഭരണനിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തിൽ അഞ്ച് എംപിമാരുടെ വ്യാജ ഒപ്പുണ്ടാക്കിയെന്ന ആരോപണത്തിൽ എഎപി എംപി രാഘവ് ഛദ്ദയ്ക്ക് രാജ്യസഭയിൽ നിന്നു സസ്പെൻഷൻ. രാജ്യസഭാ പ്രിവിലെജ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണു നടപടി. ചട്ടലംഘനം, ധിക്കാരപരമായ മനോഭാവം, മോശം പെരുമാറ്റം തുടങ്ങിയവയാണ് ഇദ്ദേഹത്തിനെതിരേ സഭ ചുമത്തിയ കുറ്റങ്ങൾ.
ഡൽഹിബിൽ പരിശോധിക്കാൻ സെലക്റ്റ് കമ്മിറ്റി വേണമെന്നു രാഘവ് ഛദ്ദ നിർദേശിച്ചിരുന്നു. ഇതിലേക്ക് എംപിമാരായ സസ്മിത് പാത്ര (ബിജു ജനതാദൾ), എസ്.ഫാങ്നോൺ കൊന്യാക് (ബിജെപി), നരഹരി അമിൻ (ബിജെപി), സുധാംശു ത്രിവേദി (ബിജെപി), എം.തമ്പിദുരൈ (അണ്ണാഡിഎംകെ) എന്നിവരുടെ പേരുകളും അദ്ദേഹം നിർദേശിച്ചു. എന്നാൽ, തങ്ങളുടെ സമ്മതമില്ലാതെയാണു ഛദ്ദ പേരുൾപ്പെടുത്തിയതെന്നും ഒപ്പുകൾ വ്യാജമെന്നും എംപിമാർ ആരോപിച്ചു. തുടർന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ എംപിമാരുടെ പരാതി പരിശോധിക്കാനും അന്വേഷിക്കാനുമായി പ്രിവിലെജ് കമ്മിറ്റിക്ക് കൈമാറി. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ.