

റാഗിങ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ റാഗിങ് തടയാന്‍ അന്തരിച്ച വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ പേരില്‍ ആപ്പും നിയമവും കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 'സിദ്ധാര്‍ഥന്‍ സ്റ്റുഡന്റ് ഡിസ്ട്രസ്' എന്നാണ് ആപ്പിന്റെ പേര്. 'സിദ്ധാര്‍ഥന്‍ ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫെയര്‍' എന്ന പേരിലാണ് നിയമം നടപ്പാക്കുകയെന്നും വി.ഡി. സതീശന്‍ അറിയിച്ചു.
2024ലാണ് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ജെ.എസ്. സിദ്ധാര്‍ഥന്‍ ഹോസ്റ്റലില്‍ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുഡിഎഫ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയും പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി മറ്റു വിവിധ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു. ബിരുദധാരികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്‌സുകളും തുടങ്ങും. വിദ്യാഭ്യാസ മേഖലയില്‍ അമിതമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നത് തടയാന്‍ അക്കാദമിക് കൗണ്‍സിലിന് രൂപം നല്‍കും. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോളേജുകളില്‍ ഓംബുട്‌സ്മാന്‍ സംവിധാനം ആരംഭിക്കും.
സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പുരോഗതിക്കുവേണ്ടിയും ബജറ്റില്‍ തുക വകയിരുത്തി. 232 കോടി രൂപയാണ് നീക്കിവെച്ചത്. കൂടാതെ ജവഹര്‍ലാല്‍ നെഹ്‌റു സയന്റിഫിക് സിറ്റി സ്ഥാപിക്കാന്‍ 10 കോടി രൂപയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.