

ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: ക്രൈസ്തവ സമൂഹം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നവർക്ക് മാത്രമേ വോട്ടുള്ളൂവെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ആവശ്യങ്ങൾ രാഷ്ട്രീയപാർട്ടികളുടെ പ്രകടന പത്രികയിൽ ഉണ്ടായിരിക്കണമെന്നും അത് നടപ്പാക്കാനുള്ള ആർജനവമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ 64 ശതമാനം വരുന്ന കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. കേരളത്തിലെ 4.8 ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്ന കാര്യമാണ് സർക്കാർ ചർച്ച ചെയ്യുന്നത്. അതിനിനിയൊരു സർക്കാരിന്‍റെ ആവശ്യമില്ല. പകരം 60 വയസുകഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷൻ നൽകുന്ന സർക്കാരിനെയാണ് ആവശ്യം. ഇത് ആരു നൽകുന്നോ അവർക്കാവും ഇത്തരവണത്തെ ക്രൈസ്ത വോട്ടുകളെന്നും അദ്ദേഹം പറഞ്ഞു.
വനഭൂമിയിൽ വളരുന്നവയാണ് വന്യമൃഗങ്ങൾ. എന്നാൽ നമ്മുടെ പറമ്പിൽ എത്തുന്ന മൃഗങ്ങളെ വന്യമൃഗങ്ങളായി പരിഗണിക്കാൻ ഇനിമുതൽ സന്നദ്ധരല്ല. അവരെ സ്വന്തം വളർത്തുമൃഗങ്ങളായി കണക്കാക്കും. കപ്പ തിന്നാൻവന്ന കാട്ടുപന്നിയെ കപ്പകൂട്ടി തിന്നുന്നതാണ് അതിജീവനം. വന്യജീവിസംരക്ഷണ നിയമം ഭേദഗതി ചെയ്യാതെ സർക്കാർ തയാറാവണം. നമ്മുടെ മക്കൾക്കുള്ള ജോലി നമ്മൾ കണ്ടെത്തണം. സായിപ്പിന്‍റെ അടുക്കളയിൽ ജോലിയെടുക്കുന്നത് അവസാനിപ്പിക്കണം. വിദേശത്തേക്ക് അയക്കുന്ന പണം കൊണ്ട് സംരംഭങ്ങൾ തുടങ്ങി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കത്തോലിക്ക കോൺഗ്രസിന്‍റെ ജന്മവാർഷിക റാലിയിൽ മുഖ്യപ്രഭാഷണത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.