ദേവസ്വം ബോർഡ് നോട്ടീസ് വിവാദം: പുരാവസ്‌തു വിഭാഗം മേധാവിയെ പദവിയിൽ നിന്ന് നീക്കി

ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് നടപടി
വിവാദ നോട്ടീസ്
വിവാദ നോട്ടീസ്
Updated on

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിലെ നോട്ടീസ് വിവാദത്തില്‍ സാംസ്‌കാരിക-പുരാവസ്‌തു വിഭാഗം മേധാവി ബി. മധുസൂദനൻ നായർക്ക് സ്ഥാനചലനം. ഹരിപ്പാട് ‍‍ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറായാണ് മാറ്റി നിയമിച്ചത്. ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് നടപടി. അതേസമയം, മധുസൂദനന്‍ നായര്‍ 30 ദിവസത്തെ അവധിയില്‍ പ്രവേശിച്ചു.

നവീകരിച്ച ക്ഷേത്രപ്രവേശന വിളംബരസ്‌മാരക സമർപ്പണവുമായി ബന്ധപ്പെട്ട് തയാറാക്കിയ നോട്ടീസ് വിവാദമായതോടെ വിശദീകരണം തേടുമെന്ന് പ്രസി‍ഡന്‍റ് കെ. അനന്തഗോപന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് നടപടി ഉണ്ടായത്. പുറമെ വിശദീകരണ നോട്ടീസും മധുസൂദനന്‍ നായര്‍ക്ക് നല്‍കും. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. നോട്ടീസിലുണ്ടായ പിഴവ് ബോര്‍ഡിനെ അനാവശ്യവിവാദത്തിലേക്ക് തള്ളിവിട്ടു എന്ന് യോഗത്തില്‍ വിമർശനം ഉയര്‍ന്നു.

പ്രസിഡന്‍റ് കെ. അനന്തഗോപന്‍, ബോര്‍ഡ് സെക്രട്ടറി ജി. ബൈജു, അംഗങ്ങളായ എസ്.എസ്. ജീവൻ, സുന്ദരേശൻ, ദേവസ്വം കമ്മീഷണര്‍ വി.എസ്. പ്രകാശ് എന്നിവരും പങ്കെടുത്തു. ഇന്നലെ ഉച്ചയോടെ ആരംഭിച്ച യോഗം വിശദമായ ചര്‍ച്ചയ്ക്കുശേഷം വൈകിട്ട് ആറിനാണ് സമാപിച്ചത്. ചിത്തിരതിരുനാൾ മഹാരാജാവിന്‍റെ പ്രതിമ നവീകരിക്കുമ്പോൾ രാജകുടുംബത്തിന്‍റെ പ്രതിനിധികൾ കൂടി പങ്കെടുക്കട്ടെ എന്ന അഭിപ്രായമുയർന്നതിനെ തുടര്‍ന്നാണ് അവരെ ക്ഷണിച്ചതെന്ന് അനന്തഗോപന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവാദവിഷയം രാജകുടുംബാംഗങ്ങളുമായി സംസാരിച്ചിട്ടില്ല. അവർ ദേവസ്വം ബോർഡിനോടും അത് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അനന്തഗോപന്‍ പറഞ്ഞു.

ഇന്നലെ നടന്ന നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്‌മാരകത്തിന്‍റെ സമർപ്പണച്ചടങ്ങിൽ ബോർഡിന്‍റെ സാംസ്‌കാരിക - പുരാവസ്‌തു വിഭാഗം മേധാവി ബി. മധുസൂദനൻ നായരും പങ്കെടുത്തില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com