അർജന്‍റീന ഇടപാട്: ഷറഫലിയുടെ അക്കാദമിക്ക് രണ്ട് കോടി രൂപ നൽകിയതിന് രേഖകൾ; എസ്ഐടിക്ക് നിർണായക തെളിവ്

മലപ്പുറം അരീക്കോട്ടുള്ള നോവസ് സോക്കർ അക്കാദമിയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്
U. Sharafali

യു. ഷറഫലി

Updated on: 

തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്‍റ് യു. ഷറഫലിയുടെ സ്പോർട്സ് അക്കാദമിക്ക് രണ്ട് കോടി രൂപ ലഭിച്ചതിന്‍റെ രേഖകൾ പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) ലഭിച്ചു. ഇടപാടിലെ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) ആണ് പണം കൈമാറിയത്.

മലപ്പുറം അരീക്കോട്ടുള്ള നോവസ് സോക്കർ അക്കാദമിയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ട് ഡയറക്റ്റർമാർ മാത്രമുള്ള അക്കാദമിയുടെ മാനേജിങ് ഡയറക്റ്ററാണ് ഷറഫലി. മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെയും ഷറഫലിയെയും കേസിൽ പ്രതിചേർത്ത് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടതിന് പിന്നാലെയാണ് നിർണായക രേഖകൾ എസ്ഐടിക്ക് ലഭിച്ചത്.

സംസ്ഥാന സർക്കാരിന്‍റെ അനുമതി ലഭിക്കുന്നതിന് മുൻപ് സ്പോൺസറും അർജന്‍റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ ഒപ്പിട്ട കരാറിൽ സാക്ഷിയായി ഷറഫലി ഒപ്പുവച്ചിരുന്നതായി അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഫുട്ബോൾ പ്രേമിയെന്ന നിലയിലാണ് കരാറിൽ ഒപ്പിട്ടതെന്നാണ് ഷറഫലി മൊഴി നൽകിയത്. എന്നാൽ, അന്ന് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റായിരുന്ന ഷറഫലി ഈ ഔദ്യോഗിക പദവി ഉപയോഗിച്ചാണ് കരാറിന്‍റെ ഭാഗമായതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഇതിന്‍റെ പ്രതിഫലമായാണ് രണ്ട് കോടി രൂപ നൽകിയതെന്നാണ് എസ്ഐടിയുടെ നിഗമനം. സംഭവത്തിൽ ഷറഫലിയെ വിശദമായി ചോദ്യംചെയ്യും.