വിസിമാരുടെ ഹിയറിങ്ങ് പൂർത്തിയായി; ഇനി ഗവർണറുടെ തീരുമാനം നിർണായകം

പുറത്താക്കും മുമ്പേ രാജി സമർപ്പിച്ച് ഓപ്പൺ സർവകലാശാല വിസി
വിസിമാരുടെ ഹിയറിങ്ങ് പൂർത്തിയായി; ഇനി ഗവർണറുടെ തീരുമാനം നിർണായകം

തിരുവനന്തപുരം: ചട്ടവിരുദ്ധ നിയമനമെന്ന് സൂചിപ്പിച്ച് ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കല്‍ നോട്ടീസില്‍ വിവിധ സർവകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് പൂര്‍ത്തിയായി. പുറത്താക്കൽ നടപടിയുടെ ഭാഗമായി കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരോടാണ് ഇന്നലെ രാജ്ഭവനിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നത്.

എന്നാൽ, കോടതി നിർദേശപ്രകാരം പുറത്താക്കാൻ നോട്ടിസ് നൽകിയ ഓപ്പൺ സർവകലാശാലാ വിസി മുബാറക് പാഷ ഹിയറിങിന് ഹാജരാകാതെ ഗവർണർക്കു രാജി സമർപ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. ജയരാജിനെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ നേരിട്ടും സംസ്‌കൃത വിസി ഡോ. ടി.കെ. നാരായണന് പകരക്കാരനായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഓണ്‍ലൈനായും ഹാജരായി. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് നേരിട്ട് ഹാജരായി വിശദീകരണം നൽകി.

നിയമനം ചട്ടപ്രകാരമെന്ന് പ്രതിനിധികൾ ആവർത്തിച്ചു. അതേസമയം, ഓപ്പണ്‍ സര്‍വകലാശാലാ വിസി ഡോ. മുബാറക് പാഷ നേരത്തേ തന്നെ രാജി നല്‍കിയെങ്കിലും ഗവര്‍ണര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. ഇന്നലെ രാവിലെ 11 മണി മുതലായിരുന്നു ഹിയറിങ്. ഗവര്‍ണറെ കൂടാതെ യുജിസി ജോയിന്‍റ് സെക്രട്ടറി, യുജിസി സ്റ്റാന്‍ഡിങ് കൗണ്‍സല്‍, ഗവര്‍ണറുടെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍, രാജ്ഭവന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരും പങ്കെടുത്തു.

ഹിയറിങ്ങിന് ശേഷം ചെന്നൈയ്ക്ക് മടങ്ങിയ ഗവർണർ നാളെ തിരിച്ചെത്തിയ ശേഷമായിരിക്കും തുടർ നടപടി. പുറത്താക്കൽ നടപടിയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വില‍യിരുത്തൽ. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് പുറത്തായതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ 11 വിസിമാര്‍ക്ക് പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ നടപടികള്‍ കോടതി തടഞ്ഞിരുന്നു. അതിന് ശേഷം 7 വിസിമാര്‍ കോടതിവിധിയിലൂടെയും കാലാവധി പൂര്‍ത്തിയായും വിരമിച്ചു. ബാക്കി 4 പേരാണ് ഇപ്പോള്‍ വിസിമാരായി തുടരുന്നത്. അവരുടെ ഹിയറിങ്ങാണ് ഇന്നലെ നടന്നത്.

കാലിക്കറ്റ് വിസി നിയമനത്തിന്‍റെ കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി പങ്കെടുത്തെന്നും സംസ്‌കൃത സർവകലാശാലയില്‍ പാനലിന് പകരം ഒരു പേര് മാത്രം സമര്‍പ്പിച്ചെന്നും ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ ആദ്യ വിസി എന്ന നിലയില്‍ സര്‍ക്കാര്‍ നേരിട്ടു നിയമിച്ചെന്നുമാണ് ഇവരുടെ നിയമനം അയോഗ്യരാക്കാനുള്ള കാരണമായി നോട്ടീസില്‍ പറഞ്ഞത്‌.

കോടതി നിര്‍ദേശം അനുസരിച്ചാണ് 4 വിസിമാര്‍ക്ക് ഹിയറിങ് നടത്തിയതെന്നും തുടര്‍ നടപടികള്‍ക്ക് സമയമെടുക്കുമെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസിയുടെ രാജി സ്വീകരിച്ചോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കേണ്ട സമയമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com