
തമിഴ്നാട്: തമിഴ്നാട്ടിലെ റേഷൻകടയിൽ അരിക്കൊമ്പന്‍റെ ആക്രമണം. തമിഴ്നാട് മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് ആക്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തെങ്കിലും അരി എടുത്തില്ല. തുടർന്ന് രാത്രിയോടെ തന്നെ അരിക്കൊമ്പൻ കാടുകയറി.
തമിഴ്നാട് വനമേഖലയിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അക്രമാസക്തനായി മേഘമലയിൽ സർവീസ് നടത്തുന്ന ബസിനുനേരെ പാഞ്ഞടുത്ത ദൃശങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മേഘമലയിൽ നിന്നും ഒൻപത് കീലേമീറ്റർ സഞ്ചരിച്ച് മണലാർ എസ്റ്റേറ്റിലേക്ക് എത്തിയത്.
ചിന്നക്കനാലിൽ ഭീതി പടർത്തിയ അരിക്കൊമ്പനെ കഴിഞ്ഞ മാസം 29 നാണ് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്. റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട അരിക്കൊമ്പനെ നീരിക്ഷിക്കാനായി പ്രത്യേക സംഘത്തിനെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ 30 പേരടങ്ങുന്ന തമിഴ്നാട് വനപാലകർ അരിക്കൊമ്പനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.