
# സ്വന്തം ലേഖകൻ
കൊച്ചി: ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്കു കാടു കടത്തപ്പെട്ട, 'അരിക്കൊമ്പൻ' എന്നു കുപ്രസിദ്ധനായ കാട്ടാന യഥാർഥത്തിൽ ഇന്നു വരെ ഒരു മനുഷ്യരെ കൊന്നിട്ടില്ലെന്ന് ഔദ്യോഗിക രേഖകൾ.
അരിക്കൊമ്പൻ ആറു പേരെ കൊന്നിട്ടുണ്ടെന്നു പ്രചരിപ്പിച്ച ചില ചാനലുകൾ പിന്നീട് ക്രമാനുഗതമായി കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടും പത്തും പന്ത്രണ്ടും വരെയൊക്കെയാക്കി. എന്നാൽ, ഈ ആന ഇന്നുവരെ ആളെ കൊല്ലുക പോയിട്ട് മനുഷ്യരെ ആക്രമിക്കുക പോലും ചെയ്തിട്ടില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മെട്രൊ വാർത്തയോടു സാക്ഷ്യപ്പെടുത്തുന്നത്.
വനത്തിലൂടെയുള്ള യാത്രകൾക്കിടെ ആന ചില കെട്ടിടങ്ങൾ തകർത്തിട്ടുണ്ട്. അതിൽ പലചരക്കു കടകളും ഉൾപ്പെടുന്നുണ്ടെന്നു മാത്രം. അതല്ലാതെ ആന ഇതു വരെ മനുഷ്യന്മാരെ ആക്രമിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകളില്ല.
പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങളെയും കടകളെയുമാണ് ആന സാധാരണയായി ആക്രമിക്കാറുള്ളത്. ദിവസങ്ങൾ നീണ്ട യാത്രയ്ക്കിടയിൽ മനുഷ്യവാസമുള്ള പ്രദേശങ്ങളിലെത്തുമ്പോൾ അത്തരം സംഭവങ്ങൾ ധാരാളമായി ഉണ്ടാകാറുമുണ്ട്. മേഘമലയിലും അതു തന്നെയാണ് സംഭവിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു.
അരിക്കൊമ്പനെ ആളെക്കൊല്ലിയാക്കുന്നതു കൊണ്ട് ആർക്കാണു നേട്ടമെന്നും, ഒരടിസ്ഥാനവുമില്ലാത്ത ഇങ്ങനെയൊരു നുണ ചില വാർത്താ ചാനലുകൾ ആർക്കു വേണ്ടിയാണു പ്രചരിപ്പിച്ചതെന്നും ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു.