ദൗത്യം രണ്ടാം ദിനം: അരിക്കൊമ്പൻ ട്രാക്കിങ് ടീമിന്‍റെ നിരീക്ഷണത്തിൽ

അരിക്കൊമ്പനെ 301 കോളനി പരിസരത്തേക്ക് തുരത്തി എത്തിച്ചശേഷം മയക്കുവെടി വയ്കക്കാനാണു തീരുമാനം
ദൗത്യം രണ്ടാം ദിനം: അരിക്കൊമ്പൻ ട്രാക്കിങ് ടീമിന്‍റെ നിരീക്ഷണത്തിൽ

ചിന്നക്കനാൽ: അരിക്കൊമ്പൻ ദൗത്യം രണ്ടാം ദിനത്തിലേക്കു കടന്നു. പുലർച്ചെ മുതൽ അരിക്കൊമ്പൻ ട്രാക്കിങ് ടീമിന്‍റെ നിരീക്ഷണത്തിലാണ്. ശങ്കരപാണ്ഡ്യമേട് ഭാഗത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാന സിമന്‍റ് പാലത്തിന് സമീപം എത്തിയതായി വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

അരിക്കൊമ്പനെ 301 കോളനി പരിസരത്തേക്ക് തുരത്തി എത്തിച്ചശേഷം മയക്കുവെടി വയ്കക്കാനാണു തീരുമാനം. സാഹചര്യം അനുകൂലമായാൽ ഇന്ന് തന്നെ വെടി വെക്കും. മറയൂർ കുടിയിലെ ക്യാമ്പിൽ നിന്ന് കുങ്കിയാനകളെ ഇറക്കി കഴി‍ഞ്ഞു. ആനയിറങ്കലിൽ വനംവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു അരിക്കൊമ്പൻ. 4 കുങ്കിയാനകളെയാണ് സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുള്ളത്.

അതേസമയം, സിമന്‍റ് പാലം ഭാഗത്ത് ചക്കക്കൊമ്പനും നിലയുറപ്പിച്ചതായി വാർത്തകളുണ്ട്. ഇന്നലെ അരിക്കൊമ്പനു പകരം ദൗത്യസംഘം കണ്ടതു ചക്കക്കൊമ്പനെയായിരുന്നു. അരിക്കൊമ്പനെ കണ്ടെത്താനാകാതെ വന്നതോടെ ഇന്നലെ ഉച്ചയ്ക്കു ശേഷം ദൗത്യം അവസാനിപ്പിച്ചിരുന്നു. ദൗത്യം അവസാനിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കൊമ്പനെ കണ്ടെത്തിയത്.

സ്ഥലവും സാഹചര്യവും ഒത്തുവന്നാൽ മയക്കുവെടി വയ്ക്കാനാണു ദൗത്യസംഘത്തിന്‍റെ നീക്കം. പിടികൂടിയ ശേഷം ആനയെ എങ്ങോട്ട് മാറ്റുമെന്ന കാര്യം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com