'ജനുസിന്‍റെ ഗുണം': അരിക്കൊമ്പൻ പെരിയാറിലെ ആന ജീനുകൾക്ക് മുതൽക്കൂട്ടാകും

അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്കു മാറ്റാനുള്ള വനം വകുപ്പിന്‍റെ തീരുമാനം സുചിന്തിതം, മേഖലയിലെ ജനിതക വൈവിധ്യവും വർധിക്കും. ചിന്നക്കനാലിലേക്കു മടങ്ങാൻ സാധ്യതയില്ല.
'ജനുസിന്‍റെ ഗുണം': അരിക്കൊമ്പൻ പെരിയാറിലെ ആന ജീനുകൾക്ക് മുതൽക്കൂട്ടാകും
Updated on

#അജയൻ

മൂന്നാറിലെ ചിന്നക്കനാലുകാരുടെ നിരന്തര പരാതിക്കൊടുവിൽ അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്കു മാറ്റാനുള്ള വനം വകുപ്പിന്‍റെ തീരുമാനം കൃത്യമായ ആസൂത്രണത്തിന്‍റെ ഭാഗമെന്ന് സൂചന. അരിക്കൊമ്പൻ മുല്ലക്കുടിയിൽ തുടരുമോ മടങ്ങിപ്പോരുമോ എന്നെല്ലാമുള്ള ചോദ്യങ്ങൾ അവശേഷിക്കുമ്പോഴും, ഭക്ഷണവും വെള്ളവും സമൃദ്ധമായ ഒരു മേഖലയിലാണ് അവൻ എത്തപ്പെട്ടിരിക്കുന്നത് എന്നതാണ് വസ്തുത.

അതിലേറെ ശ്രദ്ധേയമായ കാര്യം, ആ മേഖലയിലെ ആനക്കൂട്ടങ്ങളുടെ ജനിതക ആരോഗ്യം വർധിപ്പിക്കാൻ അരിക്കൊമ്പനു കഴിയും എന്ന സാധ്യതയാണ്. കാലാകാലങ്ങളായി രക്തബന്ധങ്ങൾ തമ്മിലുള്ള വേഴ്ചയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന സന്താനങ്ങൾക്ക് തലമുറകൾ കഴിയുന്തോറും ആരോഗ്യം കുറഞ്ഞു വരും. പുറത്തുനിന്നു വന്ന അരിക്കൊമ്പൻ പെരിയാർ മേഖലയിൽ ഈ പ്രശ്നത്തിനൊരു പരിഹാരമായിരിക്കുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഇവിടത്തെ ആനകൾക്കിടയിൽ ജനിതകമായ കരുത്തും വൈവിധ്യവും വർധിക്കാൻ പുറത്തുനിന്നൊരു കൊമ്പൻ വരുന്നത് സഹായകമായിരിക്കും.

ആനക്കൂട്ടങ്ങളിൽ പിടിയാനകൾക്കാണ് ബഹുഭൂരിപക്ഷം. കൊമ്പൻമാർ ചുരുക്കമായിരിക്കും. പിടികളുമായി അടുക്കാൻ കൊമ്പൻമാർക്കിടയിൽ കടുത്ത മത്സരങ്ങളും പതിവാണ്. എന്നാൽ, അരിക്കൊമ്പനെപ്പോലെ കരുത്തനുമായി മുട്ടി നിൽക്കാൻ പോന്ന മറ്റു കൊമ്പൻമാരൊന്നും പെരിയാർ കടുവാ സങ്കേതത്തിൽ ഇല്ലെന്നാണ് വനം വകുപ്പിലെ ഉന്നതർ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ഇൻബ്രീഡിങ് എന്ന പ്രതിഭാസത്തിന് കുറച്ചു കാലത്തേക്കെങ്കിലും അന്ത്യം കുറിക്കാൻ ഈ 'വരുത്തനു' കഴിയുമെന്നും അവർ ഉറപ്പിച്ചു പറയുന്നു.

ചിന്നക്കനാലിലേതിനു സമാനമായ ഭൂപ്രകൃതിയാണ് അരിക്കൊമ്പനെ വിട്ടിരിക്കുന്ന മുല്ലക്കുടിക്കുമുള്ളത്. വിശാലമായ പുൽമേടുകളും ഇഷ്ടം പോലെ മുളങ്കൂട്ടങ്ങളും ആവശ്യത്തിലധികം വെള്ളവും- ആനകൾക്ക് സ്വർഗമാകേണ്ട ഇടം. അവൻ അവിടെ തന്നെ തുടരുമെന്നാണ് പ്രതീക്ഷ.

എന്നാൽ, മുല്ലക്കുടിക്കടുത്തുള്ള അരിക്കൊമ്പന് ഇനി അവിടെനിന്നു വിട്ടുപോകാനാണെങ്കിൽ മൂന്നു മാർഗങ്ങളാണുള്ളത്.

ഒന്ന് മണക്കവല വഴി. ഇതൊരു സമതല പ്രദേശമാണ്.

രണ്ടാമത്തേത് മേധക്കാനം വഴി തമിഴ്നാട്ടിലെ ചുർളിയിലേക്ക്.

മൂന്ന് മുല്ലക്കുടി കടന്ന് വള്ളക്കടവ് പെരിയാർ വഴി അച്ചൻകോവിലിലേക്കു നയിക്കുന്ന കൊടുംകാട്.

ഇതല്ലാതെ, ആന തിരികെ ചിന്നക്കനാലിലേക്കു വരാൻ ഒരു സാധ്യതയും കാണുന്നില്ലെന്നും വിദഗ്ധർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com