അമ്മത്തൊട്ടിലുകളും കൺമണികളും

ഇതുവരെ ലഭിച്ച 645 കുട്ടികളിൽ 350ൽ കൂടുതൽ പെൺകുട്ടികൾ.
article over orphan babies on girl child day

അമ്മത്തൊട്ടിലുകളും കൺമണികളും

Updated on

പി.ബി. ബിച്ചു

തിരുവനന്തപുരം: താലോലിക്കാനോ സ്നേഹിക്കാനോ സമയമില്ലാത്ത ചില മാതാപിതാക്കളും, മാതൃത്വത്തിന്‍റെ വിലയറിയാത്തവരും, അബദ്ധത്തിൽ ഗർഭം ധരിച്ചുപോകുന്നവരുമെല്ലാം അന്വേഷിച്ചെത്തുന്ന ‌ഇടമാണ് അമ്മത്തൊട്ടിലുകൾ.

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരേ ബോധവത്കരണം നൽകാനും എല്ലാ വർഷവും ഒക്റ്റോബർ 11 അന്താരാഷ്‌ട്ര ബാലികാദിനമായി ആചരിക്കുമ്പോൾ ഓരോ അമ്മത്തൊട്ടിലുകളിലേക്കും ഇപ്പോഴും എത്തുന്നതിലേറെയും പെൺകുട്ടികൾ തന്നെ എന്ന കണക്ക് ആശ്വാസകരമല്ല. ഒപ്പം, ജനനം മുതല്‍ 6 വയസു വരെയുള്ള പെണ്‍കുട്ടികളുടെ എണ്ണത്തില്‍ അടുത്ത കാലത്തു കുറവുണ്ടായതും പ്രത്യേകം പരിശോധനയ്ക്കു വിധേയമാക്കുകയാണു സർക്കാർ.

കുരുന്നുകളുടെ, പ്രത്യേകിച്ച് അശരണരായ കുട്ടികളുടെ, പരിചരണവും സംരക്ഷണവും ഏറ്റെടുത്തു നടത്തുന്ന സംസ്ഥാന ശിശുക്ഷേമ സമിതിയിലെത്തുന്നതും ഏറെയും പെൺകുട്ടികളാണ്. എന്നാല്‍, അവിവാഹിതരായ അമ്മമ്മാരും ഉത്തരവാദിത്വം മറക്കുന്ന മാതാപിതാക്കളും പരിപാലനത്തിനും തുടർസംരക്ഷണത്തിനും ശേഷിയില്ലാത്ത വീട്ടുകാരും പെൺകുഞ്ഞുങ്ങളോടുള്ള കരുതൽ മനപ്പൂർവം മറക്കുകയാണ്.

അതേസമയം, അമ്മത്തൊട്ടിലെത്തുന്ന കുരുന്നുകളെ മാതൃത്വത്തിന്‍റെ തനിമ ചോരാതെ നെഞ്ചോടു ചേർക്കുകയാണ് ശിശുക്ഷേമ സമിതിയിലെ പോറ്റമ്മമാർ. 2002 നവംബർ 14ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ച ശേഷം നാളിതുവരെ ഉപേക്ഷിക്കപ്പെട്ട് ലഭിച്ചതിൽ കൂടുതലും പെൺകുട്ടികൾ. ഇതുവരെ ലഭിച്ച 645 കുട്ടികളിൽ 350ൽ കൂടുതൽ പെൺകുട്ടികൾ.

കഴിഞ്ഞ ഒരു മാസത്തിനിടെ ലഭിച്ച 17 കുട്ടികളിൽ 12 പേരും പെൺകുരുന്നുകൾ. തിരുവനന്തപുരത്ത് മാത്രം പരിചരണയിലുള്ള 145 കുട്ടികളിൽ 93 പെൺകുട്ടികൾ.

ഇതൊക്കെ സമൂഹത്തിന്‍റെ കാഴ്ചപ്പാടിലേക്ക് വിരൽചൂണ്ടുന്നു. അതേസമയം, നാളുകളായി പെൺകുരുന്നുകളാണ് ദത്ത് പോകുന്നത് എന്നതും മറു വശത്തെ മാറ്റത്തിന് അടിവരയിടുന്നു. ഏകദേശം 65 ശതമാനം പെൺകുട്ടികൾ ദത്ത് പോകുന്നു.

ആണായാലും പെണ്ണായാലും കുട്ടികൾക്കെല്ലാം രാജ്യത്തിനു തന്നെ മാതൃകാപരമായ സംരക്ഷണമാണ് സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തിട്ടുളളത്. ഇവർക്കായി വീട്, ബാലികാ മന്ദിരം, ലിറ്റിൽ പ്ലാനറ്റ് ദത്തെടുക്കൽ കേന്ദ്രം, ചിൽഡ്രൻസ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ എന്നിങ്ങനെ മികച്ച സംരക്ഷണ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ആഹാരം, ഭക്ഷണം, അഭിരുചിക്ക് അനുസൃതമായ പരിശീലനം തുടങ്ങിയവയും സമിതിയുടെ പ്രത്യേകതയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com