"പിണറായി നരകിച്ചേ ചാകൂ...'' അധീന കൊടിയ വിഷമെന്ന് ആര്യ രാജേന്ദ്രൻ

കോടിയേരി ബാലകൃഷ്ണനെ പോലെ പിണറായി വിജയനും നരകിച്ചേ മരിക്കൂ എന്നായിരുന്നു അധീനയുടെ പരാമർശം
arya rajendran against yuva morcha state secretary reena bharti

അധീന ഭാരതി | ആര്യ രാജേന്ദ്രൻ

Updated on

തിരുവനന്തപുരം: ''കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ ചാവൂ'' എന്ന യുവമോർച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതിയുടെ പരാമർശത്തിനെതിരേ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ.

രാഷ്ട്രീയ പ്രവർത്തകർ നാടിന് മാതൃകയാകേണ്ടവരാണ്. സഹജീവി സ്നേഹം ഉണ്ടാവേണ്ടവരാണ്. ഇങ്ങനെയുള്ള കൊടിയ വിഷങ്ങൾ നാടിന് ആപത്താണ്. ഇത്തരക്കാരിൽ നിന്ന് അകന്ന് നിൽക്കാനുള്ള ജാഗ്രത പുലർത്തണമെന്നും ആര്യ രാജേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റ്...

കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാറിന്‍റെ മരണം സംഭവിക്കുമ്പോൾ ഞാൻ പൂർണ്ണ ഗർഭിണിയാണ്. ദർബാർ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് കൊണ്ട് വന്നപ്പോൾ പല തവണ അടുത്തു വരെ എത്താൻ ശ്രമിച്ചപ്പോഴൊക്കെ തിരക്ക് കാരണം എത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇത് കണ്ടു നിന്ന പലരും എന്‍റെ അവസ്ഥ കണ്ട് ആ ശ്രമം ഒഴിവാക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞു.

സുരക്ഷിതമായി അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നത് വരെ കാത്തിരിക്കാമെന്ന് സച്ചിനേട്ടനും പറഞ്ഞു. അങ്ങനെ ഞങ്ങൾ കാത്തിരുന്നു. ഇത് കണ്ടുനിന്ന ചിലർ രാഷ്ട്രീയ വ്യത്യാസമില്ലാതെ തിരക്കൊഴിഞ്ഞ സമയം എനിക്ക് വഴിയൊരുക്കി തരുകയും ഒരുപാട് സമയം ഞാൻ അദ്ദേഹത്തിന്‍റെ അടുത്തും കുടുംബത്തിന്‍റെ അടുത്തും നിന്നു.

രാഷ്ട്രീയ വ്യത്യാസങ്ങൾ ഉള്ളപ്പോഴും മാനുഷിക മൂല്യം ഉയർത്തിപിടിക്കണം എന്നാണ് എന്‍റെ രാഷ്ട്രീയം എന്നെ പഠിപ്പിച്ചത്. നാളെയെ കുറിച്ച് നമുക്ക് ഉറപ്പുള്ള ഒരേ ഒരുകാര്യം ഒരു ദിവസം ആരാണെങ്കിലും മരിക്കും എന്നത് മാത്രമാണ്. രോഗം വന്നോ അല്ലാതയോ ഒരുപാട് രാഷ്ട്രീയ നേതാക്കൾ നമ്മെ വിട്ടു പിരിഞ്ഞിട്ടുണ്ട്. അതിൽ പലരും സ്വന്തം ആരോഗ്യം പോലും നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ചവരാണ്.

കഴിഞ്ഞ ദിവസമാണ് ഒരു വീഡിയോ ശ്രദ്ധയിൽപെട്ടത് വീഡിയോയിലെ പെൺകുട്ടിയുടെ വാക്കുകൾ ഇങ്ങനെ :

''കോടിയേരി ബാലകൃഷ്ണനെ പോലെ പിണറായി വിജയനും നരകിച്ചേ മരിക്കൂ''

-അധീന ഭാരതി

ഈ അധീനയുടെ ഉള്ളിൽ എത്ര വലിയ വിഷമാണ് എന്ന് ഞാൻ അതിശയിച്ചു പോയി. പിന്നീടാണ് RSS അല്ലെ അതിശയിക്കേണ്ടതില്ല എന്ന കാര്യം ഓർമ്മ വന്നത്. രാഷ്ട്രീയ പ്രവർത്തകർ നാടിന് മാതൃകയാകേണ്ടവരാണ്. സഹജീവി സ്നേഹം ഉണ്ടാവേണ്ടവരാണ്. ഇങ്ങനെയുള്ള കൊടിയ വിഷങ്ങൾ നാടിന് ആപത്താണ്. ഇത്തരക്കാരിൽ നിന്ന് അകന്ന് നിൽക്കാനുള്ള ജാഗ്രത പുലർത്തണമെന്നാണ് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കാനുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com