

ആര്യാടൻ ഷൗക്കത്ത്
File
നിലമ്പൂർ: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലേക്കു നടത്തുന്ന ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകും. കെപിസിസി നിശ്ചയിച്ച പേരിന് കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ അംഗീകാരം നൽകും.
എൽഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് പി.വി. അൻവർ രാജിവച്ച ഒഴിവിലാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. അൻവറിന്‍റെ എതിർപ്പ് അവഗണിച്ചാണ് വി.എസ്. ജോയിക്കു മുകളിൽ ആര്യാടൻ മുഹമ്മദിന്‍റെ മകന് യുഡിഎഫ് പരിഗണന നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഷൗക്കത്തിന് അൻവറിന്‍റെ പിന്തുണ ഉറപ്പിക്കാൻ സാധിക്കില്ല.
മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്നും, അങ്ങനെ 20 ശതമാനം വരുന്ന ക്രിസ്ത്യൻ വിഭാഗത്തിനു പ്രാതിനിധ്യം ഉറപ്പിക്കാമെന്നുമായിരുന്നു അൻവറിന്‍റെ വാദം.
അതേസമയം, മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്‍റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂർ, മകനെ ഉപയോഗിച്ച് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ബിജെപി ഇവിടെ സ്ഥാനാർഥിയെ നിർത്തണോ എന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം കഴിയാൻ കാത്തിരുന്ന എൽഡിഎഫ് വൈകാതെ തന്നെ ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർഥിയെ ആയിരിക്കും നിർത്തുക എന്നത് ഏറെക്കുറെ ഉറപ്പാണ്. കോൺഗ്രസ് കോട്ടയായ നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥികളെ മുൻനിർത്തി മാത്രമാണ് സമീപകാലങ്ങളിൽ ഇടതുപക്ഷത്തിനു ജയിക്കാൻ സാധിച്ചിട്ടുള്ളത്.
രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം, തിരക്കഥാകൃത്തിന്‍റെയും നിർമാതാവിന്‍റെയുമൊക്കെ വേഷത്തിൽ സിനിമയിലും സജീവ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ആര്യാടൻ ഷൗക്കത്ത്. ദൈവനാമത്തിൽ, പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയതും നിർമിച്ചതും ഷൗക്കത്ത് ആയിരുന്നു.
2016ലും ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചിരുന്നു. അന്ന് പി.വി. അൻവറിനോടാണ് പരാജയപ്പെട്ടത്.