"മോഹൻലാൽ പറഞ്ഞത് പോലെ അങ്ങേരുടെ തന്ത അല്ലല്ലോ എന്‍റെ തന്ത"; രാഹുലിനെതിരേ പത്മജ

ഇപ്പോഴും കുറ്റാരോപിതനെ സംരക്ഷിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും പത്മജയുടെ ആരോപണം.
"As Mohanlal said, your father is not my father"; Padmaja against Rahul

രാഹുൽ‌ മാങ്കൂട്ടത്തിൽ, പത്മജ 

Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ‌ മാങ്കൂട്ടത്തിലനെതിരായ ആരോപണത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. രാഹുൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മാത്രം രാജി വച്ചാല്‍ പോരാ, എംഎല്‍എ സ്ഥാനവും രാജി വയ്ക്കണമെന്ന് പത്മജ പറഞ്ഞു.

ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതു ചെറിയ കാര്യങ്ങളാണെന്നും, കൂടുതൽ കാര്യങ്ങൾ പുറത്ത് വരാനിരിക്കുന്നതേയുളളൂ എന്നും പത്മജ. ഇപ്പോഴും കുറ്റാരോപിതനെ സംരക്ഷിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. രാഹുല്‍ മുന്‍പ് തന്‍റെ അമ്മയെ പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചിരുന്നുവെന്നും, അച്ഛനെക്കുറിച്ച് പറഞ്ഞാൽ അത് രാഷ്ട്രീയമായി മാത്രമേ എടുക്കുകയുളളൂ എന്നും പത്മജ കൂട്ടിച്ചേർത്തു.

അമ്മയെ പറഞ്ഞത് വേദനയുണ്ടാക്കി. പുറത്തേക്കു പോലും വരാതെ, ഒന്നിലും ഇടപെടാതെ കോണ്‍ഗ്രസുകാര്‍ക്കെല്ലാം വച്ചുവിളമ്പി ജീവിച്ച ഒരു പാവപ്പെട്ട സ്ത്രീയെക്കുറിച്ച് വളരെ മോശമായ രീതിയില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഒരുപാട് വിഷമമുണ്ടായി. ആരെയും വ്യക്തിപരമായി കുറ്റം പറയരുതെന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ അച്ഛന്‍ പഠിപ്പിച്ചിരുന്നു. അത് ഇതുവരെയും പാലിച്ചിട്ടുണ്ട്. ഈ മനുഷ്യന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് പാവപ്പെട്ട ഒരു സ്ത്രീയുടെ മനസിന്‍റെ ശാപമാണെന്നും പത്മജ.

എന്നാൽ, ഇപ്പോഴും ഈ പറഞ്ഞ ആളുടെ പേര് പറയാൻ ഞാൻ താത്പര്യപ്പെടുന്നില്ല. കാരണം മോഹൻലാൽ പറഞ്ഞത് പോലെ, അങ്ങേരുടെ തന്ത അല്ലല്ലോ എന്‍റെ തന്ത. അതുകൊണ്ട് ആളുടെ പേരൊന്നും എടുത്തു പറയുന്നില്ല. പേരെടുത്തു പറഞ്ഞില്ലെങ്കിലും ആൾ ആരാണെന്ന കാര്യം എല്ലാവർക്കും അറിയാമെന്ന് പത്മജ പറഞ്ഞു.

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത്, തനിക്ക് ഇതുവരെ ഒരു പരാതിയും കിട്ടിയിട്ടില്ലെന്നാണ്. ഒരു പെണ്ണും മുകളില്‍ പരാതി കൊടുക്കാതെ പബ്ലിക്കായി പറയില്ല. എല്ലാ സ്ഥലത്തും നേതാക്കളുടെ അടുത്ത് പരാതി പറഞ്ഞിട്ടായിരിക്കും ഇവരൊക്കെ പുറത്ത് പറഞ്ഞിട്ടുണ്ടാവുക. എന്നിട്ടും ഇപ്പോഴും അദ്ദേഹത്തെ രക്ഷിക്കുന്ന രീതിയിലുള്ള കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്ന് കാണുന്നതെന്നും പത്മജ കുറ്റപ്പെടുത്തി.

പത്മജയുടെ ബിജെപിയിൽ ചേർന്ന സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രതികരണം ഇങ്ങനെ:

''ലീഡർ കെ. കരുണാകരന്‍റെ ചോരയാണ് കോൺഗ്രസ്, ലീഡറുടെ ഏറ്റവും വലിയ മൂല്യം അദ്ദേഹത്തിന്‍റെ മതേതരത്വമാണ്. ആ മൂല്യത്തെയാണ് പത്മജ കൊല്ലാൻ ശ്രമിച്ചത്. മുൻപൊരിക്കൽ പത്മജ പറഞ്ഞത് അവർ തന്തയ്ക്കു പിറന്ന മകൾ എന്നാണ്. എന്നാൽ, ഇന്ന് അവർ ആ പിതാവിന്‍റെ ഏറ്റവും വലിയ മൂല്യമായ മതേതരത്വത്തെ തള്ളി പറഞ്ഞപ്പോൾ, ഇന്ന് മുതൽ അവർ അറിയപ്പെടുക തന്തയെ കൊന്ന സന്തതി എന്ന പേരിലാകും.''

എന്നാൽ, പത്മജയ്ക്കെതിരേ നടത്തിയ പരാമർശം ദുർവ്യാഖ്യാനിക്കപ്പെട്ടത് വിഷമിപ്പിച്ചിരുന്നു എന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കിയിരുന്നു. കെ. കരുണാകരന്‍റെ ഭാര്യ കല്യാണിക്കുട്ടിയമ്മ തനിക്ക് മുത്തശിയെപ്പോലെയാണെന്നും, ആ അമ്മൂമ്മയുടെ പേര് പോലും താൻ പറഞ്ഞില്ലെന്നും രാഹുൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com