കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ പൊതുദർശനത്തിനിടെയുണ്ടായ തർക്കത്തിൽ പരാതിയുമായി മകൾ ആശാ ലോറൻസ്. തന്നെയും മകനേയും സിപിഎം റെഡ് വളണ്ടിയർമാർ മർദിച്ചെന്നാണ് പരാതി. സി.എൻ. മോഹനനും ലോറൻസിന്‍റെ മകൻ എം.എൽ. സജീവനും സഹോദരി ഭർത്താവ് ബോബനും മർദനത്തിനു കൂട്ടുനിന്നുവെന്നും പരാതിയിൽ പറയുന്നു. കൊച്ചി കമീഷണർക്കാണ് ആശ പരാതി നൽകിയത്. പരാതി കൊച്ചി നോർത്ത് പൊലീസിന് കൈമാറിയെന്നും ഉടൻ കേസെടുക്കുമെന്നും കൊച്ചി കമ്മീഷണർ അറിയിച്ചു.
അതേസമയം, എംഎം ലോറൻസിന്‍റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനത്തിൽ എത്താൻ നടപടികൾ തുടങ്ങിയിരിക്കുകയാണ് കളമശ്ശേരി മെഡിക്കൽ കോളെജ് അറിയിച്ചു. ഇന്ന് ഉപദേശക സമിതിക്ക് മുന്നിൽ ഹാജരായി നിലപാട് വ്യക്തമാക്കാൻ മൂന്ന് മക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓരോരുത്തർക്കും എന്താണ് പറയാനുള്ളതെന്ന് വിശദമായി കേൾക്കും. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫോറൻസിക്, അനാട്ടമി വിഭാഗം മേധാവികൾ, വിദ്യാർത്ഥി പ്രതിനിധി എന്നിവരുൾപ്പെട്ടതാണ് ഉപദേശകസമിതി.