
ചർച്ച പരാജയം; വ‍്യാഴാഴ്ച മുതൽ നിരാഹാര സമരത്തിലേക്ക് ആശമാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ആശ പ്രവർത്തകർ നടത്തിയ ചർച്ച പരാജയപ്പെട്ടു. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി നടത്തിയ ചർച്ചയിൽ ആശമാരുടെ ആവശ‍്യങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. വ‍്യാഴാഴ്ച രാവിലെ 11 മണി മുതൽ നിരാഹാര സമരം ആരംഭിക്കുകയാണെന്ന് സമരക്കാർ അറിയിച്ചു.
ആരോഗ‍്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസരമൊരുക്കാമെന്നും സമരത്തിൽ നിന്നും പിന്മാറണമെന്നും എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്റർ ആവശ‍്യപ്പെട്ടതായി സമര സമിതി നേതാവ് എസ്. മിനി പറഞ്ഞു.
ഓണറേറിയം മാനദണ്ഡം മാത്രമാണ് സംസാരിച്ചതെന്നും സമരം ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും മിനി കൂട്ടിച്ചേർത്തു. അതേസമയം ബുധനാഴ്ച വൈകിട്ടോടെ ആരോഗ‍്യമന്ത്രിയുമായി ആശമാർ വീണ്ടും ചർച്ച നടത്തും. വേതന വർധനവ് അടക്കമുള്ള ആവശ‍്യങ്ങൾ ആശമാർ ചർച്ച ചെയ്യും.