
ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി ആശാപ്രവർത്തകർ; സംഘർഷം
തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്ക് ആശാവർക്കർമാർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചുവെങ്കിലും സമരക്കാർ പിരിഞ്ഞു പോകാൻ തയാറായില്ല.
രാവിലെ 12 മണി മുതൽ ക്ലിഫ് ഹൗസിനു മുന്നിൽ പാട്ട കൊട്ടി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇവരെ നന്ദാവനം പൊലീസ് ക‍്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.
വ‍്യാഴാഴ്ച സംസ്ഥാന വ‍്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. വേതനം വർധിപ്പിക്കണമെന്ന ആവശ‍്യവുമായി നേരത്തെ ആശാപ്രവർത്തകർ നടത്തി വരുകയായിരുന്ന സമരത്തിന്‍റെ തുടർച്ചയായിരുന്നു ബുധനാഴ്ച ക്ലിഫ് ഹൗസിനു മുന്നിലുണ്ടായ പ്രതിഷേധം.