asha workers strike 50th day hair cut protest today

ആശമാരുടെ സമരം 50-ാം നാൾ; മുടി മുറിച്ച് പ്രതിഷേധിക്കും

ആശമാരുടെ സമരം 50-ാം നാൾ; മുടി മുറിച്ച് പ്രതിഷേധിക്കും

ആശ വർക്കർമാരുടെ അ​നി​ശ്ചി​ത​കാ​ല നിരാഹാരം 11 ദിവസത്തിലേക്കും കടന്നു.
Published on

തിരുവനന്തപുരം: ആശാ വർക്കർമാർ സമരം കടുപ്പിക്കാനൊരുങ്ങുന്നു. സെക്രട്ടേറയറ്റിന് മുന്നിലെ രാപ്പകൽ സമരം 50-ാം ദിനത്തിലേക്ക് കടക്കുന്ന തിങ്കളാഴ്ച (Mar 31) മുടി ​മുറിച്ച് സമരം ചെയ്യാനാണ് ആശമാരുടെ തീരുമാനം. സർക്കാരിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് രാപ്പകൽ സമരത്തിനൊപ്പം എസ്.എസ്. അനിതകുമാരി, ബീന പീറ്റർ, എസ്.ബി. രാജി എന്നിവർ നടത്തുന്ന അ​നി​ശ്ചി​ത​കാ​ല നിരാഹാരം 11 ദിവസത്തിലേക്കും കടന്നു.

സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ നടക്കുന്ന മുടിമുറിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രാവിലെ 11ന് ആശാ പ്രവർത്തകർ മുടി​ മുറിച്ചു പ്രതിഷേധിക്കും. സമരം 50 ദിവസം പിന്നിട്ടിട്ടും അവഗണിക്കുന്ന അധികാരികളുടെ മുഖത്തേക്ക് മുടി മുറിച്ചെറിയുകയെന്ന കടുത്ത പ്രതിഷേധത്തിലേക്ക് എത്തിയത് അത്ര മടുത്തിട്ടാണെന്നും രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം മുന്നോട്ട് പോകുന്നതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.

ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ പ്രഖ്യാപിക്കുക, അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാർ സമരം തുടങ്ങിയത്. ഓണറേറിയമായി ഇപ്പോൾ ലഭിക്കുന്നത് 7,000 രൂപ മാത്രമാണ്.

സമരത്തോടും ആശാ വർക്കർമാരുടെ ആവശ്യങ്ങളോടും സർക്കാർ മുഖം തിരിഞ്ഞുനിൽക്കുന്ന അവസരത്തിലാണു സമരരീതിയിൽ ഇത്തരത്തിലുള്ള മാറ്റമുണ്ടാവുന്നത്. ഇനിയും ഈ സമരം നീണ്ടുപോവാതിരിക്കാൻ സർക്കാർ ഭാഗത്തുനിന്നുള്ള ഇടപെടൽ ഉണ്ടാവേണ്ടതാണ്. അവർ ഉന്നയിക്കുന്ന ആവശ്യം ന്യാമാണ്. പിഎസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ വർധിപ്പിക്കുന്നതു പോലുള്ള വൻകിട ശമ്പള വർധനകൾക്കു യാതൊരു മടിയും കാണിക്കാത്ത സർക്കാർ തന്നെയാണു നിസാര പ്രതിഫലം വാങ്ങുന്ന ആശാ വർക്കർമാരോടു മുഖം തിരിഞ്ഞു നിൽക്കുന്നത് എന്നതു വിരോധാഭാസമാണ്.‌

logo
Metro Vaartha
www.metrovaartha.com