
കണ്ണൂർ: തലശേരിയിൽ ശ്വാസതടസത്തെതുടർന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച എട്ടുമാസംപ്രായമായ കുഞ്ഞിൻ്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ടിനെ കണ്ടെത്തി. ഡോക്ടർമാർ നടത്തിയ എൻഡോസ്കോപ്പി പരിശോധനയിലൂടെയാണ് കുഞ്ഞിൻ്റെ തൊണ്ടയിൽ വണ്ടിനെ കണ്ടെത്തിയത്.
തലശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിൽ കഴിഞ്ഞദിവസമാണ് സംഭവം. ഡോക്ടർ പരിശോധനയിൽ പനിയോ മറ്റ് അസുഖങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞു വരികയായിരുന്നു. കൂടാതെ തൊണ്ടയിൽനിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നു. കുഞ്ഞിന് ശ്വാസിക്കാൻ പ്രയാസമുള്ളതായി ഡോക്ടർമാർ മനസിലാക്കുകയായിരുന്നു. പിന്നീട് പ്രാഥമികചികിത്സ നൽകിയെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്ന് എൻഡോസ്കോപ്പി ചെയ്യുകയായിരുന്നു.
വണ്ടിനെ പുറത്തെടുത്തതോടെ നാദാപുരം പാറക്കടവിലെ കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നു. ഡോക്ടർമാരായ ശ്യാംമോഹൻ, അപർണ, കെ.പി.എ.സിദ്ദിഖ് എന്നിവരാണ് ചികിത്സ നൽകിയത്. കുഞ്ഞ് ഞായറാഴ്ച ആശുപത്രി വിടുമെന്ന് അധികൃതർ പറഞ്ഞു.