സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തെന്ന് പരാതി; സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റിൽ
തിരുവനന്തപുരം: കടയിൽ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തെന്ന പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വെള്ളനാട് ശശി അറസ്റ്റിലായി. ആര‍്യനാട് പൊലീസാണ് ശശിയെ അറസ്റ്റ് ചെയ്ത്‌ത്. ശനിയാഴ്ച വൈകീട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് വ‍്യക്തമാക്കി.
വെള്ളിയാഴ്ച്ച ശശിക്കെതിരെ ആര‍്യനാട് പൊലീസ് ജാമ‍്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തട്ടുകടയുടെ ബോർഡ് റോഡിൽനിന്നും മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. കടയുടമ അരുണിന്‍റെ ഭാര‍്യയും മാതാവുമായി ശശി തർക്കിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ പുറത്തുവന്നിരുന്നു.
അരുണിന്‍റെ മകൻ സംഭവം ഫോണിൽ പകർത്താൻ ശ്രമിക്കുന്നതിനിടെ ശശി മൊബൈൽ ഫോൺ തട്ടിയെറിയുന്നതും വീഡിയോയിൽ കാണാം. കുട്ടി കരഞ്ഞതോടെ സ്ത്രീകൾ ശശിയെ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചു. ശശി സ്ത്രീകളെ മർദിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
തുടർന്ന് കടയുടമ അരുൺ പൊലീസിൽ പരാതിപ്പെട്ടു. അതേസമയം കടയിലുണ്ടായിരുന്നവരാണ് തന്നെ കയ്യേറ്റം ചെയ്യ്തതെന്ന് ശശി ആരോപിച്ചു. ശശിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.