അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ ആംബുലന്‍സിലേക്ക് മാറ്റി | Video

കൊമ്പന്‍റെ മുറിവിൽ മരുന്ന് വച്ചു; കോടനാട് എത്തിച്ച് വിദഗ്ധ ചികിത്സ നൽകും

തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന് ചികിത്സ നൽകുന്ന ദൗത്യത്തിന്‍റെ ആദ്യഘട്ടം പൂര്‍ണമായും വിജയിച്ചു. മയക്കുവെടിയേറ്റത്തിനുശേഷം നിലത്തുവീണ ആനയുടെ മുറിവിൽ മരുന്ന് വച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാന എഴുന്നേറ്റുനിന്നു. തുടർന്ന് ഇതേ കുങ്കിയാനകളുടെ സഹായത്തോടെ തന്നെ കൊമ്പനെ ആനിമൽ ആംബുലന്‍സിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി കോടനാടേക്ക് കൊണ്ടുപോയി.

രാവിലെ 7.15 ഓടെയാണ് ആനയെ കണ്ടെത്തി മയക്കുവെടിവച്ചത്. വെറ്റിലപ്പാറ പുഴയോട് ചേർന്ന 14-ാം ബ്ലോക്കിലായിരുന്നു ആനയുണ്ടായിരുന്നത്. മയക്കുവെടിയേറ്റ് നിലത്തു വീണ ശേഷം ആനയുടെ മുറിവിൽ ഡോക്ടര്‍മാര്‍ മരുന്ന് വച്ചു. മയക്കുവെടിയേറ്റ തൊട്ടടുത്ത 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീഴുകയായിരുന്നു. അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആദ്യം ആശങ്ക ഉയര്‍ത്തിയിരുന്നു.

തുടര്‍ന്നാണ് കുങ്കിയാനകളുടെ സഹായത്തോടെ എഴുന്നേൽപ്പിച്ചതും ആംബുലന്‍സിലേക്ക് മാറ്റിയതും. ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമായിരുന്നു ദൗത്യത്തിനുണ്ടായിരുന്നത്.

കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് ദൗത്യം പൂർത്തിയാക്കാനായത്. പിടികൂടിയ കൊമ്പനെ പാർപ്പിക്കാനുള്ള കൂടിന്‍റെ ബല പരിശോധനയും പൂർത്തിയായി. എറണാകുളം കപ്രിക്കാട്ടെ വനം വകുപ്പ് കേന്ദ്രത്തിലാണ് കൂട് ഒരുങ്ങിയിട്ടുള്ളത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com