കൺസഷൻ യാത്ര ചോദ്യം ചെയ്തു; കോട്ടയത്ത് സംഘം ചേർന്ന് കണ്ടക്റ്ററെ മർദിച്ചു

വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ ബസ് തടഞ്ഞശേഷം വിദ്യാർഥിനിയും ബന്ധുക്കളും ബസിനുള്ളിൽ കയറി പ്രദീപിനെ തല്ലുകയായിരുന്നു
attack against private bus conductor at kottayam
കോട്ടയത്ത് സംഘം ചേർന്ന് കണ്ടക്റ്ററെ മർദിച്ചു

കോട്ടയം: യൂണിഫോമും, ഐഡി കാർഡും, കൺസഷൻ കാർഡും, സ്കൂൾ ബാഗും ഇല്ലാതെ സ്റ്റുഡൻസ് കൺസഷൻ ടിക്കറ്റ് എടുത്ത് വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്ത ബസ് കണ്ടക്റ്ററെ പെൺകുട്ടികളുടെ ബന്ധുക്കൾ ചേർന്ന് മർദിച്ചു. ചിങ്ങവനം റൂട്ടിൽ പാക്കിൽ കവലയ്ക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന മകനും മർദനമേറ്റു.

വ്യാഴാഴ്ച വൈകിട്ട് കോട്ടയം - മാളികക്കടവ് കോളനി റൂട്ടിൽ ഓടുന്ന തിരുനക്കര ബസിലാണ് സംഭവം നടന്നത്. എസ്.ടി ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് കണ്ടക്റ്റർ കൺസഷൻ കാർഡ് ആവശ്യപ്പെട്ടു. എന്നാൽ യൂണിഫോമും, കൺസഷൻ കാർഡും ഇല്ലാത്ത വിദ്യാർഥിനിക്ക് താക്കീത് നൽകി കണ്ടക്റ്റർ കൺസഷൻ അനുവദിച്ചു. പക്ഷേ വിദ്യാർഥിനി ബസിൽ നിന്ന് ഇറങ്ങി ഒരു മണിക്കൂറിന് ശേഷം ബന്ധുക്കൾക്കൊപ്പമെത്തി ബസ് തടഞ്ഞ് നിർത്തി കണ്ടക്റ്ററെ മർദിക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന പ്രദീപിൻ്റെ 16 വയസുള്ള മകനും മർദനമേറ്റു. പേടിച്ച് പനിപിടിച്ച മകൻ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ ബസ് തടഞ്ഞശേഷം വിദ്യാർഥിനിയും ബന്ധുക്കളും ബസിനുള്ളിൽ കയറി പ്രദീപിനെ തല്ലുകയായിരുന്നു. പിതാവിനെ തല്ലുന്നത് കണ്ട് തടസം പിടിക്കാനെത്തിയ മകനേയും ഇവർ മർദിച്ചു. ഈ സമയം ബസിന് പുറത്ത് ഒരു സംഘം ആക്രോശം മുഴക്കി ഉണ്ടായിരുന്നു. ഇവരിലൊരാൾ ഹെൽമറ്റ് ഉപയോഗിച്ച് പ്രദീപിൻ്റെ തലയ്ക്കടിക്കുകയും ചെയ്തു. തല പൊട്ടിയ പ്രദീപ് ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ ചിങ്ങവനം പൊലീസ്, സ്റ്റേഷനിൽ വിളിച്ച് വരുത്തി മണിക്കൂറുകൾക്ക് ശേഷം പ്രദീപിൻ്റെ മൊഴി എടുത്തെങ്കിലും സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന് പരാതിയുണ്ട്. അക്രമം നടത്തിയവർ ഇതിന് മുമ്പും ഈ റൂട്ടിലുള്ള മറ്റൊരു ബസിലെ ജീവനക്കാരെ മർദിച്ചതായും പറയുന്നു. ആ കേസും ഒതുക്കി തീർത്തിരുന്നു. പൊലീസ് കേസെടുത്തില്ലെങ്കിൽ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകാനാണ് പ്രദീപിൻ്റെ തീരുമാനം.

Trending

No stories found.

Latest News

No stories found.