
ഭക്തിസാന്ദ്രമായി തലസ്ഥാനം; പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 1.15ന്
തിരുവനന്തപുരം: കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന മാർച്ച് 13ന് വ്യാഴാഴ്ച രാവിലെ 10.15നുള്ള ശുഭമുഹൂർത്തത്തിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല. ദേവീസ്തുതികളാല്‍ ആറ്റുകാലും പരിസരവും നിര്‍ഭരമായി. അനന്തപുരി നഗരം ബുധനാഴ്ചത്തന്നെ ജനലക്ഷങ്ങളെക്കൊണ്ടു നിറഞ്ഞു.
വ്യാഴാഴ്ച രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. കണ്ണകീചരിതത്തിൽ പാണ്ഡ്യ രാജാവിന്‍റെ വധം പരാമർശിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ ആലപിച്ചാലുടനെ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്‍റെ സാന്നിധ്യത്തിൽ മേൽശാന്തി വി. മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നു ദീപം പകർന്നു ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും.
വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും ദീപം കൊളുത്തും. പണ്ടാര അടുപ്പിൽനിന്നു പകരുന്ന ദീപമാണു ഭക്തരുടെ അടുപ്പുകളെ ജ്വലിപ്പിക്കുക. ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദ്യം.
നിവേദ്യം ഭക്തർക്കു നൽകാനായി ക്ഷേത്രത്തില്‍ നിന്നും 400 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. അതിനു ശേഷം ഭക്തർ പിരിഞ്ഞുപോയി നഗരം പൂര്‍വസ്ഥിതിയിലാകും. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. 11.15ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. അടുത്ത ദിവസം രാവിലെ 5ന് പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10ന് കാപ്പഴിക്കും. രാത്രി ഒന്നിനു നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
അതേസമയം, ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13 ന് പ്രാദേശിക അവധിയാണ്. തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ അവധിയായിരിക്കും. ബുധനാഴ്ച ഉച്ചമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.