

വ്രതസാഫല്യത്തിൽ ആറ്റുകാൽ പൊങ്കാല
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം. ക്ഷേത്രത്തിന് മുന്നിലെ പണ്ഡാര അടുപ്പിൽ മേൽശാന്തി ശ്രീകോവിലിൽ നിന്ന് തെളിയിച്ച് നൽകിയ തീ കൊളുത്തിയതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തുടർന്ന് ഭക്തരുടെ പൊങ്കാല അടുപ്പുകളിൽ തീ തെളിയിച്ചു. ചൊവ്വാഴ്ച രാവിലെ 9.15 ഓടെ ശുദ്ധ പുണ്യാഹമടക്കമുള്ള ചടങ്ങുകൾ പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് പണ്ഡാര അടുപ്പിലേക്ക് കൊളുത്താനുള്ള ദീപവുമായി മേൽശാന്തി പുറത്തേക്ക് എത്തിച്ചത്.
പണ്ഡാര അടുപ്പിൽ തീ തെളിയിക്കുന്ന സമയത്ത് അറിയിപ്പായി കതിനകൾ മുഴങ്ങി. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചയ്ക്ക് 3.10 മുതൽ രാത്രി 7 മണി വരെ ക്ഷേത്ര നട അടച്ചിടും. ഈസമയത്ത് ദർശന നിയന്ത്രണമുണ്ടാകും. പൊങ്കാല അർപ്പിക്കാൻ ലക്ഷകണക്കിന് ഭക്തരാണ് തലസ്ഥാനത്ത് വിവിധഭാഗത്തായി എത്തിയിട്ടുള്ളത്.
പൊങ്കാല കഴിഞ്ഞ് നഗരം ശുചികരിക്കാൻ കോർപ്പറേഷൻ 3500 തൊഴിലാളികളെയാണ് നിയമിച്ചിരിക്കുന്നത്. കൂടാതെ സേവാഭാരതി അടക്കമുള്ള സന്നദ്ധത സംഘടനകളുടെ പ്രവർത്തകർ, കോളേജ് വിദ്യാർഥികൾ അടക്കമുള്ളവർ പങ്കാളികളാവും. തുടർന്ന് കൃത്രിമ മഴ പെയ്യിച്ചുള്ള ശുചികരണവും നടക്കും. പൊങ്കാല നിവേദ്യം കഴിഞ്ഞ ഉടൻ തന്നെ ശുചികരണപ്രവർത്തനം തുടങ്ങും.ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് തുടങ്ങിയ നിയന്ത്രണം ചൊവ്വാഴ്ച രാത്രി 8 മണിയോടെ അവസാനിക്കും. ഈ സമയം നഗരപരിധിയിൽ കണ്ടെയ്നർ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ എന്നിവ പ്രവേശിക്കാൻ പാടില്ല. റോഡുകളിൽ നിർത്തിടാനും പാടില്ലെന്നും ഉത്തരവുണ്ട്.