
തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കി മാറ്റുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് നഗരം സാക്ഷ്യം വഹിക്കും. ദൂരദേശങ്ങളിൽ നിന്നുപോലും പൊങ്കാല അർപ്പിക്കാനായി നഗരത്തിലെത്തിയ ഭക്തർ ഇന്നലെ മുതൽ തയാറായിക്കഴിഞ്ഞു.
ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നും ഭക്തർ പൊങ്കാലയിടാൻ തെരഞ്ഞെടുക്കുന്ന ഇരുപതോളം കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിലെല്ലാം ഒരുക്കങ്ങൾ പൂർത്തിയായി. ബസ് സ്റ്റാൻഡിലും റെയ്ൽവേ സ്റ്റേഷനിലും സെക്രട്ടേറിയറ്റ്- നിയമസഭ തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അടുപ്പുകൾ നിരന്നുകഴിഞ്ഞു.
ശരീരവും മനസും അമ്മയിൽ അർപ്പിച്ച് പൊങ്കാല സമർപ്പണത്തിനുള്ള നിമിഷത്തിനായുള്ള കാത്തിരിപ്പാണ് ഇനി. ഇന്ന് രാവിലെ 10.30ന് പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം. വൈകിട്ട് കുത്തിയോട്ട നേർച്ചക്കാർക്കുള്ള ചൂരൽ കുത്ത്. രാത്രി 10.30ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും.
നാളെ പുലർച്ചെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 9.15 ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി ഒന്നിനു നടക്കുന്ന കുരുതി സമർപ്പണത്തോടെ 3 വർഷക്കാലത്തിന് ശേഷമെത്തിയ സമൂഹ പൊങ്കാല ഉത്സവം സമാപിക്കും.