ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ പൂർത്തിയായി

രാവിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ പാണ്ഡ്യരാജാവിന്‍റെ വധം വിവരിക്കുന്ന ഭാഗം പാടിയ ശേഷം പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്കു തുടക്കമായി
ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ പൂർത്തിയായി

തിരുവനന്തപുരം: 2.30ന് ഉച്ചപൂജയ്ക്കു ശേഷം നിവേദ്യം കഴിയുഞ്ഞതോടെ ആറ്റുകാൽ പൊങ്കാലയുടെ ചടങ്ങുകൾ പൂർത്തിയായി. നിവേദ്യ സമയത്ത് വായുസേനയുടെ ഹെലികോപ്ടര്‍ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തി.

കൊടും ചൂടിലും ഇഷ്ട വരദായിനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ‌ അടുപ്പുകളൊരുക്കി തലസ്ഥാന നഗരത്തിലെമ്പാടും പൊങ്കാലയിട്ടു. രാവിലെ 10.30ന് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നു. ഇതോടെ അനന്തപുരി അപ്പാടെ യാഗശാലയായി മാറി. രാവിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ പാണ്ഡ്യരാജാവിന്‍റെ വധം വിവരിക്കുന്ന ഭാഗം പാടി. ഇതിനു ശേഷമാണ് പൊങ്കാല അടുപ്പുകളിൽ തീ പകർന്നത്. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം.

പാട്ടു തീരുന്ന സമയത്ത് തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് നല്‍കിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം ദീപം സഹ മേല്‍ശാന്തിക്ക് കൈമാറി. പിന്നീട് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലേക്കും അഗ്നി പകർന്നു. തുടര്‍ന്ന് നഗരത്തിലും ക്ഷേത്ര പരിസരത്തുമുള്ള പൊങ്കാല അടുപ്പുകളിലേക്കും.

വെള്ളപ്പൊങ്കൽ, കടും പായസം, തെരളി, മണ്ടപ്പുറ്റ് തുടങ്ങി ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഭക്തര്‍ ഓരോന്നോരോന്നായി ഒരുക്കി.

രാത്രി 7.30ന് കുത്തിയോട്ടത്തിന് ചൂരല്‍ കുത്തും. രാത്രി 11ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത്. കുത്തിയോട്ട ബാലന്മാര്‍ അനുഗമിക്കും. സായുധ പൊലീസിന്‍റെ അകമ്പടിയും വാദ്യമേളങ്ങളും ഉണ്ടാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com