
അതുല‍്യ
കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല‍്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളെജിൽ റീ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.
വീട്ടുവളപ്പിൽ വച്ച് വൈകിട്ടോടെയാണ് സംസ്കാരം. ഷാർജയിൽ വച്ച് അതുല‍്യയുടെ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ആത്മഹത‍്യയാണെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
അതുല‍്യയുടെ മരണത്തിൽ അസ്വാഭാവികതകളില്ലെന്നായിരുന്നു ഫൊറൻസിക് പരിശോധനാ ഫലം. എന്നാൽ, അതുല‍്യയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് റീ പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കരുനാഗപ്പള്ളി എഎസ്‌പിയുടെ നേതൃത്വത്തിൽ കേസിൽ അന്വേഷണം തുടരുകയാണ്. അതുല‍്യയുടെ ഭർത്താവ് സതീഷിന്‍റെ ശാരീരിക - മാനസിക പീഡനം മൂലമാണ് അതുല‍്യ ജീവനൊടുക്കിയതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സതീഷ് അതുല‍്യയെ മർദിക്കുന്നതിന്‍റെ ദൃശ‍്യങ്ങളും പുറത്തുവന്നിരുന്നു.