
രജിസ്റ്റര്‍ ചെയ്തു എന്നതു കൊണ്ട് പങ്കെടുപ്പിക്കുമെന്ന് ഉറപ്പൊന്നുമില്ല എന്നും പ്രത്യേകം പറയുന്നു. ഏറ്റവും ഒടുവിലായി സ്വാമി ശരണം, പിന്നാലെ മൂന്ന് ആശ്ചര്യ ചിഹ്നവും.
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിലേക്ക് അയ്യപ്പ ഭക്തരെ ക്ഷണിച്ചു കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അയയ്ക്കുന്ന സന്ദേശത്തിലും ദുരൂഹത. ദേവസ്വം ബോർഡിൽ നിന്ന് അയ്യപ്പ ഭക്തർക്ക് ലഭിച്ച സന്ദേശം ഇങ്ങനെയാണ്: ''തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ മാസം 20ന് പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ കോണ്‍ക്ലേവിലേക്ക് താങ്കളെ, ശബരിമലയില്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നു. ശബരിമല ഓണ്‍ലൈന്‍ ഡോട്ട് ഒആര്‍ജി എന്ന വെബ് സൈറ്റില്‍ 'ഗ്ലോബല്‍ കോണ്‍ക്ലേവ്' എന്ന സെക്ഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണം.''
രജിസ്റ്റര്‍ ചെയ്തു എന്നതു കൊണ്ട് പങ്കെടുപ്പിക്കുമെന്ന് ഉറപ്പൊന്നുമില്ല എന്നും പ്രത്യേകം പറയുന്നു. ഏറ്റവും ഒടുവിലായി സ്വാമി ശരണം, പിന്നാലെ മൂന്ന് ആശ്ചര്യ ചിഹ്നവും.
ഭക്തരുടെ വാട്‌സാപ്പിലേക്ക് എത്തുന്ന സന്ദേശത്തില്‍ നിങ്ങളെ കോണ്‍ക്ലേവിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നുവെന്ന് പറയുന്നുണ്ട്. അതായത് ക്ഷണമുണ്ട്. പക്ഷേ, അവസാനം പറയുന്നു രജിസ്റ്റര്‍ ചെയ്താലും പങ്കെടുപ്പിക്കുമെന്ന് ഉറപ്പില്ലെന്ന്. ദേവസ്വം ബോര്‍ഡിന്‍റെ ഈ സന്ദേശം വായിച്ച് തലപുകയ്ക്കുകയാണ് അയ്യപ്പ ഭക്തര്‍.
എന്തിനാണ് സ്വാമി ശരണത്തിന് ശേഷം മൂന്ന് ആശ്ചര്യ ചിഹ്നങ്ങള്‍ ഇട്ടതെന്നും വ്യക്തമല്ല. തെരഞ്ഞെടുത്തുവെന്ന് പറയുന്നതിനൊപ്പം നിങ്ങളെ പങ്കെടുപ്പിക്കില്ലെന്ന് പറയുന്ന അതിവിചിത്ര സന്ദേശമാണ് ബോർഡ് അയച്ചിരിക്കുന്നത്.
ഹൈക്കോടതിയില്‍ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കേസുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ഭക്തരെ കണ്ടെത്തുന്നതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചിരുന്നു. ശബരിമലയില്‍ സ്ഥിരമായി എത്തുന്നവര്‍ക്കാണ് മുന്‍ഗണനയെന്നാണ് ഇതിന് നല്‍കിയ പ്രാഥമിക മറുപടി. വീണ്ടും ഹൈക്കോടതിയില്‍ കേസ് വരുമ്പോള്‍ സ്ഥിരമായി എത്തുന്ന ഭക്തര്‍ക്കെല്ലാം സന്ദേശം അയച്ചുവെന്ന് വരുത്താനുള്ള തന്ത്രമായി ഇതിനെ വിലയിരുത്തപ്പെടുന്നു.
ഏതായാലും ആഗോള അയ്യപ്പ സംഗമത്തിലേക്കുള്ള ക്ഷണം പോലും വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുക. സമുദായ നേതാക്കളെ എല്ലാം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് നേരിട്ടെത്തിയാണ് ക്ഷണിക്കുന്നത്. എന്‍ എസ് എസും എസ് എന്‍ ഡി പിയും കെപിഎംഎസും പങ്കെടുക്കുമെന്നും അറിയിച്ചു. ഇതിനൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ക്ഷണിക്കാന്‍ മന്ത്രി വാസവനും ചെന്നൈയില്‍ പോയി. എന്നാൽ സ്റ്റാലിൻ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
പരിപാടിയിലേക്ക് വ്യവസ്ഥകളോടെയാണ് പ്രവേശനം എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറയുന്നത്. പൊതുജനങ്ങള്‍ക്ക് ഉപാധികളോടെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവര്‍ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് രണ്ട് പ്രാവശ്യം ദര്‍ശനം നടത്തിയിരിക്കണം എന്നതാണ് വ്യവസ്ഥ. ശബരിമല വെര്‍ച്വല്‍ ക്യൂ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ പരിഗണിക്കൂവെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് അയയ്ക്കുന്ന വാട്‌സാപ്പ് സന്ദേശമാണ് വ്യക്തതയില്ലാത്തതാകുന്നത്. 500 വിദേശ പ്രതിനിധികള്‍ക്കും ക്ഷണമുണ്ട്. എന്നാൽ ഇവരെ തെരഞ്ഞെടുത്തതിൽ മാനദണ്ഡവും വ്യക്തമല്ല.