കെടിഡിഎഫ്സി ചെയർമാൻ സ്ഥാനത്ത് നിന്ന് ബി. അശോകിനെ നീക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വായ്പാ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്സി–കെഎസ്ആർടിസി പോരിനിടെ കെടിഡിഎഫ്സി ചെയർമാൻ സ്ഥാനത്തുനിന്നും ബി. അശോകിനെ മാറ്റി. കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനാണു പകരം ചുമതല. കെഎസ്ആർടിസിക്ക് വേണ്ടി കെടിഡിഎഫ്സി നിർമിച്ച കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിന്റെ ബലക്ഷയം കണ്ടെത്തിയതിനു പിന്നാലെ കെഎസ്ആർടിസിയും കെടിഡിഎഫ്സിയും പോര് തുടങ്ങിയിരുന്നു. കെടിഡിഎഫ്സി നഷ്ടത്തിലായതിനു കാരണം കെഎസ്ആർടിസി ആണെന്ന തരത്തിൽ ബി. അശോക് പത്രക്കുറിപ്പും ഇറക്കി. ഇതോടെയാണു കെടിഡിഎഫ്സിയെ വരുതിയിലാക്കാൻ ഗതാഗതവകുപ്പ് നടപടികൾ ആലോചിച്ച് തുടങ്ങിയത്.
2015ൽ കെടിഡിഎഫ്സിയിൽ നിന്നും കെഎസ്ആർടിസി 595 കോടി രൂപ കടമെടുത്തിരുന്നു. നിക്ഷേപകർക്ക് പണം നൽകാനാകാത്ത വിധം പ്രതിസന്ധിയിലായതോടെ 915 കോടിയായി തിരിച്ചടയ്ക്കണമെന്നു കെടിഡിഎഫ്സി ആവശ്യപ്പെട്ടു. 16.5 ശതമാനം പലിശയ്ക്കാണ് വായ്പ അനുവദിച്ചത്. ഈ തുക അടയ്ക്കാത്തതിനെ തുടർന്നു കെഎസ്ആർടിസിക്ക് ജപ്തി നോട്ടിസ് അടക്കം നൽകി നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണു ചെയർമാന്റെ മാറ്റം.
അതേസമയം, നിക്ഷേപകരുടെ കുടിശിക തീർക്കാനുള്ള പണം കണ്ടെത്താൻ കെഎസ്ആര്‍ടിസിയുടെ ഷോപ്പിങ് കോംപ്ലക്സുകള്‍ വില്‍ക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിൽ അതൃപ്തിയുള്ളതിനാൽ ബി. അശോക് തന്നെ ചുമതലയൊഴിയാൻ സർക്കാരിൽ താൽപ്പര്യം അറിയിച്ചിരുന്നെന്നാണു വിവരം. കെടിഡിഎഫ്സി സമാഹരിച്ച പണത്തിന്റെ വലിയ പങ്കും കെഎസ്ആര്‍ടിസിക്കാണ് വായ്പ നല്‍കിയിരിക്കുന്നത്. കൂടാതെ, കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള കണ്ണായ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന നാല് ഷോപ്പിങ് കോംപ്ലക്സുകളും നിർമിച്ചതു കെടിഡിഎഫ്സിയാണ്. കോഴിക്കോട്, അങ്കമാലി, തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലായി നാല് ഷോപ്പിങ് കോംപ്ലക്സുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ഇവയില്‍ രണ്ടെണ്ണം വില്ക്കുകയോ പണയം വയ്ക്കുകയോ ചെയ്തു കെടിഡിഎഫ്സി നിക്ഷേപകര്‍ക്കു നല്‍കാനുള്ള പണം കണ്ടെത്താനാണു ധനവകുപ്പിന്റെ നിര്‍ദേശം. ഷോപ്പുകൾ കാര്യമായ വിൽപ്പന നടക്കാത്ത കോഴിക്കോട് കോംപ്ലക്സ് വിൽക്കാനുള്ള നീക്കം ആരംഭിച്ചിരിക്കെയാണു കെടിഡിഎഫ്സി ചുമതലയിൽ നിന്നും ബി. അശോക് പുറത്തേക്കു പോകുന്നത്.