ഹൈദരാബാദ്: നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. മദ‍്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് ഹൈദരാബാദ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അറസ്റ്റ് രേഖപെടുത്തിയ ശേഷം വിനായകനെ ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു നടൻ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിൽ നിന്നായിരുന്നു ഹൈദരാബാദിലേക്കുള്ള വിമാനം. തുടർന്ന് ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥരുമായി വാക്കു തർക്കമുണ്ടാവുകയും കൈയ്യേറ്റത്തിൽ കലാശിക്കുകയും ചെയ്തു. പിന്നാലെയാണ് ഹൈദരാബാദ് പൊലീസ് വിനായകനെതിരെ കേസെടുത്തത്.