ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ സത്യഭാമയ്ക്ക് ജാമ്യം

ആര്‍എല്‍വി രാമകൃഷ്ണനെതിരെ മനഃപൂര്‍വം അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സത്യഭാമ കോടതിൽ
bail for Kalamandalam Sathyabhama on RLV Ramakrishnan insult case
ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ സത്യഭാമയ്ക്ക് ജാമ്യം

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരേ വംശീയാധിക്ഷേപം നടത്തിയെന്ന കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‍സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഇതേസമയം, താന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരെ മനഃപൂര്‍വം അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സത്യഭാമ കോടതിയെ അറിയിച്ചു. വിവാദത്തെ തുടര്‍ന്ന് തനിക്ക് വിദ്യാര്‍ത്ഥികളെ നഷ്ടമായെന്നും ജീവിതമാര്‍ഗം വഴിമുട്ടിയെന്നും കോടതിയില്‍ പറഞ്ഞു. കറുത്തകുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ് സി/ എസ് ടി വകുപ്പിന്‍റെ പരിധിയില്‍ വരുമെന്നും വടക്കേ ഇന്ത്യയില്‍ വെളുത്ത ആളുകളും എസ് സി/ എസ് ടി വിഭാഗത്തില്‍ ഉണ്ടെന്നും സത്യഭാമയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ആളൂര്‍ വ്യക്തമാക്കി.

എന്നാൽ സത്യഭാമയുടെ ജാമ്യ ഹര്‍ജിയെ ആര്‍എല്‍വി രാമകൃഷ്ണനും പ്രോസിക്യൂഷനും എതിര്‍ത്തു. സംഭവം വിവാദമായതിനു ശേഷം മാധ്യമങ്ങളിലൂടെയും മറ്റും സമാനമായ പ്രതികരണം ആവര്‍ത്തിച്ചു. പ്രതി ഒരു അധ്യാപികയാണെന്നത് മറന്നെന്നും രാമകൃഷ്ണന്‍ കോടതിയിൽ പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഇത് തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നും സത്യഭാമ ആക്ഷേപിച്ചത്. തുടർന്ന് നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുതയായിരുന്നു. എസ്‍സി എസ്ടി വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്.

Trending

No stories found.

Latest News

No stories found.