
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മാവൻ ഹരികുമാർ മാത്രമാണ് പ്രതിയെന്ന് പൊലീസ്. പ്രതി കുറ്റം സമ്മതിച്ചായി അന്വേഷണ സംഘം വെളിപ്പെടുത്തി.
പ്രതി ഹരികുമാറും സഹോദരി ശ്രീതുവുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. 29 -ാം തീയതി രാത്രി ശ്രീതുവിനോട് തന്‍റെ മുറിയിലേക്ക് വരാൻ ഹരികുമാര്‍ വാട്സാപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനെത്തുടര്‍ന്ന് ശ്രീതു തിരികെപ്പോയി. ഈ വൈരാഗ്യത്തിലാണ് പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.
ജനുവരി 30 നാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അസ്വാഭാവികത തോന്നിയ പൊലീസ് കുടുംബത്തെ ഒന്നാകെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് അമ്മാവനാണ് കുറ്റവാളിയെന്ന് തെളിഞ്ഞത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഹരികുമാറിനെ പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. പ്രതിയെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടു.