രണ്ട് വയസുകാരിയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മാവൻ
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരി മരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് അമ്മാവൻ ഹരി കുമാർ. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. പ്രതിയുടെ കുറ്റസമ്മത മൊഴി ഒന്നുകൂടി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
പ്രതി ഹരികുമാറിന് കുട്ടിയുടെ അമ്മയുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. പ്രതിയുടെ മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാൻ പൊലീസ് തയാറായിട്ടില്ല. പ്രതി ഹരികുമാർ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.
വ‍്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെ വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു വയസുകാരിയെ കിണറ്റിൽ നിന്നും കണ്ടെത്തിയത്.
അമ്മയ്ക്കൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ കാണാതായി എന്നതായിരുന്നു പരാതി. അമ്മയുടെ സഹോദരൻ കിടന്ന മുറിയിൽ തീപിടിച്ചെന്നും തീ അണച്ചതിന് ശേഷം തിരിച്ച് എത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലെന്നുമായിരുന്നു കുടുംബം പറഞ്ഞിരുന്നത്.