
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി മരിക്കാൻ കാരണമായത് വെള്ളത്തിൽ മുങ്ങിയത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്‍റെ ദേഹത്ത് മറ്റ് മുറിവുകൾ ഇല്ലെന്നും ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞുവെന്ന് സ്ഥിരീകരിച്ചു.
പ്രതി ഹരികുമാറിനെ ചോദ‍്യം ചെയ്യുന്നത് തുടരുകയാണ്. എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന കാര‍്യത്തിൽ പ്രതി വ‍്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ അമ്മ ശ്രീതുവിനെയും പൊലീസ് പ്രതി ചേർക്കുമെന്നാണ് വിവരം. ശ്രീതുവിന്‍റെ മൊബൈൽ ഫോൺ പരിശോധിക്കുകയും അതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള ചാറ്റുകളിൽ നിന്നും നിർണായകമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
വ‍്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെ വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു വയസുകാരിയെ കിണറ്റിൽ നിന്നും കണ്ടെത്തിയത്.
അമ്മയ്ക്കൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ കാണാതായി എന്നതായിരുന്നു പരാതി. അമ്മയുടെ സഹോദരൻ കിടന്ന മുറിയിൽ തീപിടിച്ചെന്നും തീ അണച്ചതിന് ശേഷം തിരിച്ച് എത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലെന്നുമായിരുന്നു കുടുംബം പറഞ്ഞിരുന്നത്.