ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ നാടൻപാട്ട് സംഘത്തിനു വിലക്ക്, ഗായകന് ഭീഷണി

ഭീഷണി കാര്യമാക്കുന്നില്ലെങ്കിലും, എന്നെ ദേശദ്രോഹി എന്നു വിളിച്ച്തി അവഹേളിച്ചതിനെതിരേ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് നാടൻപാട്ട് ഗായകൻ പ്രശാന്ത് പങ്കൻ നാട്ടുപൊലിമ.
പ്രശാന്ത് പങ്കൻ നാട്ടുപൊലിമ
പ്രശാന്ത് പങ്കൻ നാട്ടുപൊലിമ

വി.കെ. സഞ്ജു

കൊച്ചി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ ദിവസം ഫെയ്സ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്‍റെ പേരിൽ നാടൻപാട്ട് കലാകാരന് ക്ഷേത്രത്തിലെ പരിപാടിയിൽ വിലക്ക്. ചെങ്ങമനാട് ശ്രീ മുനിക്കൽ ഗുഹാലയ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 26ന് നടത്താനിരുന്ന നാട്ടുപൊലിമയുടെ നാട്ടുപാട്ടരങ്ങ് പരിപാടിയാണ് റദ്ദാക്കിയിരിക്കുന്നത്.

നാട്ടുപൊലിമയിൽ അംഗമായ പ്രശാന്ത് പങ്കൻ എന്ന ഗായകൻ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഹിന്ദുത്വവാദികളെയും ക്ഷേത്ര ഭരണസമിതിയെയും ചൊടിപ്പിച്ചത്. എന്നാൽ, ഹിന്ദുക്കൾക്കോ അമ്പലങ്ങൾക്കോ എതിരേയല്ല, സംഘ പരിവാറിനെതിരേ മാത്രമായിരുന്നു തന്‍റെ പോസ്റ്റ് എന്ന് പ്രശാന്ത് മെട്രൊ വാർത്തയോടു വിശദീകരിച്ചു.

അമ്പലങ്ങളിലൊന്നും ഇനി പരിപാടികൾ പ്രതീക്ഷിക്കേണ്ട, ഇങ്ങനെ പോയാൽ നിങ്ങളുടെ ടീം തന്നെ ഇല്ലാതാകും എന്നൊക്കെ പറഞ്ഞ് ഫോൺ കോളുകളും വന്നു...
പ്രശാന്ത് പങ്കൻ നാട്ടുപൊലിമ

''സ്വന്തം പ്രൊഫൈലിൽ ഞാൻ മുൻപും എന്‍റെ രാഷ്ട്രീയം പറയാറുണ്ട്. അന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത കൊണ്ടാണോ എന്നറിയില്ല, ഞങ്ങൾ നാടൻപാട്ടുകാർ ഹിന്ദുവിന് എതിരാണെന്ന മട്ടിൽ എന്‍റെ വാക്കുകളെ വളച്ചൊടിച്ച് പ്രചാരണങ്ങളുണ്ടായി. എന്‍റെ പേരിനൊപ്പം നാട്ടുപൊലിമ എന്നു കൂടിയുള്ളതിനാൽ, നാട്ടുപൊലിമയുടെ നിലപാടാണത് എന്ന മട്ടിലും വ്യാഖ്യാനിക്കപ്പെട്ടു. നാട്ടുപൊലിമയ്ക്ക് ഇനി പ്രോഗ്രാം കൊടുക്കരുതെന്ന മട്ടിൽ പല ഗ്രൂപ്പുകളിലും മെസേജുകൾ വന്നു. അമ്പലങ്ങളിലൊന്നും ഇനി പരിപാടികൾ പ്രതീക്ഷിക്കേണ്ട, ഇങ്ങനെ പോയാൽ നിങ്ങളുടെ ടീം തന്നെ ഇല്ലാതാകും എന്നൊക്കെ പറഞ്ഞ് ഫോൺ കോളുകളും വന്നു. ചെങ്ങമനാട് 26ന് നടക്കുന്ന പരിപാടിക്ക് വന്നാൽ കാണിച്ചു തരാം എന്ന മട്ടിൽ ഭീഷണിയുമുണ്ടായി'', പ്രശാന്ത് തുടർന്നു പറഞ്ഞു.

പരിപാടി നടത്തിയാൽ തടസപ്പെടുത്തുമെന്ന് ക്ഷേത്ര ഭരണസമിതിക്കും സന്ദേശം കിട്ടി. ഇതെത്തുടർന്നാണ് പരിപാടി നടത്താൻ സമിതി പ്രശാന്തിനെ വിളിച്ച് ബുദ്ധിമുട്ട് അറിയിക്കുന്നത്. സംഘർഷ സാധ്യതയുണ്ടെന്നായിരുന്നു വിശദീകരണം. നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ പരിപാടി ഉപേക്ഷിക്കാമെന്നു പ്രശാന്ത് സമ്മതിക്കുകയും ചെയ്തു.

എന്നാൽ, ഇതിനു പിന്നാലെ ക്ഷേത്ര ഭരണസമിതി പേരിൽ തന്നെ പിന്നാലെ വന്ന പോസ്റ്റർ പ്രശാന്തിനെ അവഹേളിക്കുന്ന തരത്തിലായിരുന്നു.

പ്രശാന്തിനെതിരേ ക്ഷേത്രം സെക്രട്ടറിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ.
പ്രശാന്തിനെതിരേ ക്ഷേത്രം സെക്രട്ടറിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ.

''വർഗീയതയും കപട മതേതരത്വവും ഫെയ്സ്‌ബുക്കിൽ വിളമ്പിയ ദേശദ്രോഹി'' എന്നാണ് പ്രശാന്തിനെ അതിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ചെങ്ങമനാട് ശ്രീ മുനിക്കൽ ഗുഹാലയ ക്ഷേത്രം സെക്രട്ടറിയുടെ പേരിലുള്ള പോസ്റ്റർ ഭരണസമിതിയുടെയും ബന്ധപ്പെട്ടവരുടെയും വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രരിപ്പിക്കുകയായിരുന്നു.

ഭീഷണി കാര്യമായെടുക്കുന്നില്ലെന്നും, എന്നാൽ, തന്നെ ദേശദ്രോഹി എന്ന വിളിച്ചതിനെതിരേ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ പാരതി നൽകിയിട്ടുണ്ടെന്നും പ്രശാന്ത് വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവിക്കും ഇതു സംബന്ധിച്ച് പരാതി നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം മെട്രൊ വാർത്തയോടു പറഞ്ഞു.

ഭീഷണി കാര്യമാക്കുന്നില്ല. പക്ഷേ, എന്നെ ദേശദ്രോഹി എന്നു വിളിച്ചതിനെതിരേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്...
പ്രശാന്ത് പങ്കൻ നാട്ടുപൊലിമ

ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്കു വേണ്ടി മറ്റൊരു നാടൻപാട്ട് ഗായിക പ്രസീദ ചാലക്കുടി പോസ്റ്റ് ചെയ്ത വീഡിയോയ്ക്കെതിരേയും രൂക്ഷമായ സൈബർ ആക്രമണമുണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ പ്രസീദയുടെ പരിപാടികൾ ഒഴിവാക്കണമെന്ന ആഹ്വാനവുമുണ്ടായി

ഇതിനു ശേഷം നാട്ടുപൊലിമ സംഘം പ്രസീദയെ കണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും, അവർ പറയാത്ത കാര്യങ്ങൾ പറഞ്ഞെന്ന മട്ടിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നതു ശരിയല്ലെന്നും അഭിപ്രായപ്പെട്ട് നാട്ടുപൊലിമയുടെ പേജിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ഇഷ്ടപ്പെടാത്ത ചിലരും നാട്ടുപൊലിമയുടെ പരിപാടി റദ്ദാക്കാൻ പ്രവർത്തിച്ചിട്ടുണ്ടാകാം എന്നാണ് പ്രശാന്ത് പറയുന്നത്. ''കിറ്റ് നൽകിയത് രാമനല്ല പിണറായിയാണ്'' എന്നു പ്രസീദ പറഞ്ഞെന്നായിരുന്നു വ്യാജ പ്രചരണം.

പ്രശാന്തിന്‍റെ കുറിപ്പ് സഹിതം വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന ബഹിഷ്കരണ ആഹ്വാനം.
പ്രശാന്തിന്‍റെ കുറിപ്പ് സഹിതം വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന ബഹിഷ്കരണ ആഹ്വാനം.

ഇതിനെതിരേ നാട്ടുപൊലിമ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോ രണ്ടര ലക്ഷത്തിലധികം പേർ കാണുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രശാന്ത് സ്വന്തം വോളിൽ അയോധ്യ സംബന്ധിച്ച കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്. ''ബാബറി മസ്ജിദ് പൊളിച്ചതു വഴി മതേതര മൂല്യങ്ങൾക്ക് ഏറ്റ ക്ഷതം എത്ര അക്ഷതം വിതരണം ചെയ്താലും തീരില്ലെന്നും, പള്ളി തകർത്ത് അമ്പലം പണിതിടത്ത് കയറിയിരിക്കുന്ന ദൈവം എങ്ങനെ മര്യാദാ പുരുഷോത്തമനാകും'' എന്നുമായിരുന്നു പ്രശാന്ത് അതിൽ പറഞ്ഞത്. ''ഈ കുടിയിരുത്തപ്പെടുന്ന രാമൻ ഗാന്ധിയുടെ രാമനല്ല, ഗോഡ്സെയുടെ രാഷ്ട്രീയരാമനാണ്. ഇത് മതേതര ഇന്ത്യയല്ല, സംഘപരിവാരങ്ങളുടെ വർഗീയ മതഭാരതമാണ്'' എന്നും പോസ്റ്റിൽ അഭിപ്രായപ്പെട്ടിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com