

സൈബർ തട്ടിപ്പ് നീക്കം പൊളിച്ചടുക്കി ബാങ്ക് ജീവനക്കാർ
കൊച്ചി: വെർച്വൽ അറസ്റ്റ് ചെയ്തെന്ന് ഭീഷണിപ്പെടുത്തി കസ്റ്റമറുടെ പണം തട്ടാനുള്ള ശ്രമത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ തടയാൻ സാധിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് വൈപ്പിൻ ബ്രാഞ്ചിലാണ് സംഭവം. അക്കൗണ്ട് ഉടമയായ മുതിർന്ന പൗരൻ ബാങ്കിലെത്തുകയും തന്‍റെ അക്കൗണ്ടിലുള്ള നാലര ലക്ഷം ആർടിജിഎസ് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. വിവരങ്ങളെല്ലാം നൽകിയ ശേഷം തിരികെ പോയി.
ഇടപാടുകാരന്‍റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ബ്രാഞ്ച് മാനേജർ പണമയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു.
ഉത്തരേന്ത്യയിലുള്ള അക്കൗണ്ട് ആണെന്ന് മനസിലാക്കിയ മാനേജർ, പുറത്ത് ഭീതിയോടെ നിന്ന ഇടപാടുകാരനിൽ നിന്ന് വിവരങ്ങൾ തിരക്കി. രാവിലെ മുതൽ ഡിജിറ്റൽ അറസ്റ്റിലാണെന്നും. നിയമനടപടികളിൽ നിന്ന് രക്ഷ നേടണമെങ്കിൽ പണമയ്ക്കണമെന്ന് തട്ടിപ്പ് സംഘം അറിയിച്ചതിനെ തുടർന്നാണ് ഇയാൾ ബാങ്കിലെത്തിയതും, പണമടയ്ക്കാൻ തുടങ്ങിയതും. തുടർന്ന് സൈബർ സെല്ലിനും, 1930 എന്ന നമ്പറിലേക്കും പരാതി നൽകി. ഇടപാടുകാരന്‍റെ അക്കൗണ്ട് വിവരങ്ങൾ ഇ-ലോക്ക് ചെയ്തതായി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതര് അറിയിച്ചു.