

വ്യാജ വാർത്ത പ്രചരിക്കുന്നു
മുംബൈ: രാജ്യത്ത് വ്യാപകമായി കേന്ദ്രമന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ വാർത്ത പ്രചരിക്കുന്നതിനെതിരേ ജാഗ്രത പാലിക്കാൻ നിർദേശം. എല്ലാവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര ധനമന്ത്രാലയം 46,715 രൂപ വീതം ഉടൻ നിക്ഷേപിക്കുമെന്നാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇത് വ്യാപകമായി പ്രചരിക്കുന്നത്. ഇത് വിശ്വസിക്കരുതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. ഇത്തരത്തിലൊരു പദ്ധതി കേന്ദ്രം പ്രഖ്യാപിക്കുകയോ, പണം കൈമാറുകയോ ചെയ്യുന്നില്ല.
കേന്ദ്രസർക്കാരിന്‍റേതെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അശോകസ്തംഭം ഉൾപ്പെടുത്തിയുള്ള മെസേജാണ് പുറത്തിറങ്ങുന്നത്. വ്യക്തിവിവരങ്ങളും ബാങ്ക് വിവരങ്ങളും ഇതിൽ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസർക്കാർ പദ്ധതികൾ ഒന്നും തന്നെ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം ലിങ്കുകളിൽ കയറി വ്യക്തിവിവരങ്ങൾ പങ്കുവെയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്